കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കോടതിയിൽ നിന്ന് കുറ്റപത്രം സമർപ്പിക്കും. രാവിലെ 11ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി -2 ആണു കേസ് പരിഗണിക്കുന്നത്. ആയിരത്തോളം പേജുകൾ വരുന്നതാണ്. അന്വേഷണോദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസ് ആകും കുറ്റപത്രം സമർപ്പിക്കുക.
സഹോദരനൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന ആറു വയസുകാരിയെ ആണ് കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയെ നഗരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേസില്‍ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ ആര്‍ പത്മകുമാര്‍ (52), ഭാര്യ എം ആര്‍ അനിതാകുമാരി (45), മകള്‍ പി അനുപമ (20) എന്നിവർ അറസ്റ്റിലായി.