കോട്ടയം :പാലാ ളാലം സെന്റ് മേരീസ് പള്ളിയിലെ അഞ്ചരയ്ക്കുള്ള കുർബാന നൽകിയ കരുത്തിൽ തുരുത്തൻ മുന്നേറുകയാണ്.ഇന്ന് ഞായറാഴ്ച പതിവ് തെറ്റിക്കാതെ തുരുത്തനും;ഭാര്യ ബെറ്റിയും പള്ളി മൈതാനത്ത് വന്നിറങ്ങിയപ്പോൾ ആൾക്കാർക്ക് പ്രത്യേകതയൊന്നും തോന്നിയില്ല.എന്നും പതിവുള്ള കാഴ്ചയാണല്ലോ അത്.പക്ഷെ തുരുത്തൻ ഇന്ന് വിനയാന്വിതൻ ആവുകയായിരുന്നു .പള്ളി പിരിഞ്ഞപ്പോൾ വികാരിയച്ചനെ കാണാൻ പള്ളിയുടെ മുന്നിൽ തന്നെ നിൽപ്പായി.തടത്തിലച്ചൻ ഇറങ്ങി വന്നു എല്ലാ പിന്തുണയും ഉണ്ട് കേട്ടോ എന്ന് പറഞ്ഞപ്പോൾ കൈകൂപ്പി തുരുത്തൻ പറഞ്ഞു എല്ലാ സഹായങ്ങളും വേണം അച്ചോ .അതൊക്കെയുണ്ട് എന്ന് പറഞ്ഞു അച്ചനും ജോലികളിൽ വ്യാപൃതനായി.അവിടെ നിന്ന ടെൻസൺ വലിയ കാപ്പിലിനോടും;ജോയി ചേന്നാട്ട് നോടും കുശലം പറഞ്ഞു തുരുത്തനും ബെറ്റിയും യാത്രയായി.
ഇന്നലെ രാത്രി ഏറെ വൈകിയാണ് പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ ഉറങ്ങിയത്.കാരണം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിക്കാൻ എത്തിയപ്പോൾ ഏറെ വൈകിയിരുന്നു .വെടിക്കെട്ടോടെയാണ് തുരുത്തൻ മന്ത്രിയെ സ്വീകരിച്ചത്.ജോസുകുട്ടി പൂവേലിയും ;ബൈജു കൊല്ലമ്പറമ്പിലും സന്നിഹിതരായിരുന്നു .കെ ടി യു സി യുടെ വക അഭിവാദ്യ ഫ്ളക്സുകൾ ടൗണിലെങ്ങും നിറച്ചതിന്റെ ചാരിതാർഥ്യത്തിലാണ് പൂവേലിയുടെ നിൽപ്പ്.
എല്ലാവരും മ്മടെ തുരുത്തൻ എന്ന് വിളിക്കുന്ന ഷാജു വി തുരുത്തേലിന് ഇത് അർഹതയ്ക്കു ലഭിച്ച അംഗീകാരമാണെന്ന് പറയാതെ വയ്യ .ഒരു കാലത്ത് പാലായിലെ മാണീ ഗ്രൂപ്പിന്റെ പ്രതിരോധ കോട്ടയായിരുന്നു തുരുത്തനെന്ന ഷാജു വി തുരുത്തൻ.കോളേജ് രാഷ്ട്രീയത്തിൽ നിന്നും ആവാഹിച്ച സംഘടനാ ശേഷി ടൗണിലെ പാർട്ടിയിലും സന്നിവേശിപ്പിച്ച തുരുത്തൻ ഒന്നിനും പിറകോട്ടു പോകുന്ന പ്രശ്നമില്ല.കോളേജ് രാഷ്ട്രീയത്തിൽ നിന്നും കിട്ടിയ പ്രതിരോധത്തിന്റെ അലയൊലികൾ ഇപ്പോഴത്തെ കൗൺസിലിലും മുഴക്കുകയുമുണ്ടായി.ഒരിക്കൽ പ്രതിപക്ഷത്തെ ജിമ്മി ജോസഫ് മായി വാക്കേറ്റമുണ്ടായപ്പോൾ കോപത്തോടെ ജിമ്മി പറഞ്ഞു.നമുക്ക് കാണാം കേട്ടോ സൗണ്ട് ബോക്സിനു തകരാറില്ലാത്ത ജിമ്മി പറഞ്ഞത് എല്ലാവരും കേട്ടു;എന്നാൽ തുരുത്തൻ ഒട്ടും മടിച്ചില്ല ഉള്ള ശബ്ദത്തിൽ പറഞ്ഞു നീ ഒരു ചുക്കും എന്നെ ചെയ്യില്ല.അതാണ് തുരുത്തൻ കട്ടയ്ക്കു നിൽക്കും.
വാർഡിലുള്ളവർക്കെല്ലാം അറിയാം തുരുത്തൻ ഒരു കാര്യം ഏറ്റെടുത്താൽ അത് സാധിക്കാതെ പിന്മാറില്ലെന്ന്.തന്റെ വാർഡിലെ ആയുർവേദ ആശുപത്രിയുടെ വികസനത്തെ കുറിച്ച് മിക്ക കൗൺസിലിലും ശബ്ദമുയർത്താറുണ്ട്,പണ്ട് ജോസഫ് ചാഴികാടൻ നിയമസഭയിൽ പറഞ്ഞപോലെ .എന്ത് കിട്ടിയാലും തന്റെ മണ്ഡലമായ പുലിയന്നൂർ മണ്ഡലത്തിന് വേണം.ഒരിക്കൽ നിയമസഭയിൽ ഉറങ്ങി പോയ ചാഴികാടൻ ഉറക്കമുണർന്നപ്പോൾ കേട്ടത്;അവയെ എല്ലാം കേരളത്തിലേയ്ക്കു കൊണ്ട് വരാൻ ഉള്ള ഇടപാടുകൾ ചെയ്തിട്ടുണ്ട് എന്നായിരുന്നു.ചാടിയെണീറ്റ ജോസഫ് ചാഴികാടൻ പറഞ്ഞു.അതിലൊന്ന് പുലിയന്നൂരിന് വേണം സാർ.ആഫ്രിക്കയിൽ നിന്നും സീബ്രകളെ മൃഗശാലയിലേക്ക് കൊണ്ട് വരുന്ന ചർച്ചയിലാണ് ചാഴികാടൻ ഇടപെട്ടത്.ഏതു പ്രശനം വന്നാലും എന്റെ വാർഡിലേക്ക് അത് കൊണ്ടുവരാൻ പറ്റുമോ എന്ന് തുരുത്തൻ ചോദിക്കും.ഡംബിങ്ങ് ഗ്രൗണ്ട് ഒഴിച്ചുള്ളതെ ചോദിക്കൂ എന്ന് മാത്രം. കാട് വെട്ട് മിഷ്യൻ കേടായി കിടന്നപ്പോൾ;തുരുത്തൻ കൗൺസിലിൽ പറഞ്ഞു എന്റെ ചെയർപേഴ്‌സാ എന്റെ വാർഡ് കാട് പിടിച്ചു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി;മെഷീൻ ഒക്കെ ഒന്ന് വേഗം നന്നാക്കണേ ..എനിക്ക് വാർഡിൽ ഇറങ്ങി നടക്കാൻ മേലെന്നായി.
വാർഡിലെ എല്ലാ പ്രശ്നത്തിനും തുരുത്തൻ മുന്നിലുണ്ട്.പക്ഷെ ഒരു കാര്യത്തിൽ പിറകോട്ടാണ് അത് തുരുത്തനെ അറിയാവുന്നവർക്ക് മാത്രം അറിയാം.മൃത ശരീരത്തിന്റെ ഇടപാടുകളിൽ ഒന്ന് പിറകോട്ടു വലിയും. പോസ്റ്റ് മോർട്ട നടപടി ഒക്കെ പൂർത്തീകരിക്കുവാൻ ഇടപെടീലും;കാര്യങ്ങളും ഒക്കെ നടത്തും.പക്ഷെ ഒരു ഉൾവലിവ് ഉണ്ട് എന്ന് മാത്രം.മരണവീടുകളിൽ നിന്നും ചെറുതായിട്ട് മുങ്ങും.അത് മുൻ കൗൺസിലറായ മിനി പ്രിൻസിനും ഉണ്ടായിരുന്നു ആ അസ്‌കിത .തന്റെ വാർഡിലെ പൊതു ശ്മശാനത്തിന് ഫണ്ട് അനുവദിപ്പിക്കാനൊക്കെ മുന്നിൽ നിൽക്കും പക്ഷ ശ്മശാനവുമായി തെല്ലൊരു അകലം പാലിച്ചേ മിനി പ്രിൻസ് നി ൽക്കൂ.തുരുത്തനോടും;മിനി പ്രിൻസിനോടും ഇങ്ങനെ മുങ്ങുന്നത് പേടിയായിട്ടാണോ എന്ന് ചോദിക്കുന്നവരുണ്ട്..പക്ഷെ അവർക്കൊന്നേ മറുപടിയുള്ളൂ പേടിയൊന്നുമില്ലന്നെ…ചുമ്മാ തിരക്ക് കാരണം ഞാനങ്ങു പോയി എന്നേയുള്ളൂ.പേടിയെ തിരക്കിൽ പൊതിഞ്ഞുള്ള മറുപടി കേൾക്കുമ്പോഴേ ആൾക്കാർക്ക് കാര്യം പിടികിട്ടും .കുറെയേറെ കാര്യങ്ങൾ കുറഞ്ഞ സമയം കൊണ്ട് ചെയ്യാനുണ്ട് എന്നാണ് ഇന്ന് രാവിലെ പള്ളിയിൽ വച്ച് കണ്ടപ്പോഴും തുരുത്തൻ പറഞ്ഞത്.നാളെ തുരുത്തന്റെ ഒരു മുഴുനീള പ്രവർത്തി ദിവസം ആരഭിക്കുകയായി.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ