മഞ്ചേരി: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ വച്ച് പിടികൂടി പൊലീസ്. മഞ്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ‘സ്പ്രിങ് കോണ്ടിനെന്റല്‍’ സ്‌കൂള്‍ ഉടമയായ കൊണ്ടോട്ടി അരിമ്പ്ര ഉള്ളിയേങ്ങല്‍ പെരിഞ്ചീരിത്തൊടി സയ്യിദ് ബദറുദ്ദുജയാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും വിദേശത്തുനിന്ന് മടങ്ങി വരുമ്പോളായിരുന്നു അറസ്റ്റ്.
അഞ്ചുലക്ഷംരൂപ നിക്ഷേപിച്ചാല്‍ വിദ്യാര്‍ഥികളുടെ പ്രതിമാസ ഫീസ് അടയ്‌ക്കേണ്ടതില്ലെന്ന വാഗ്ദാനംനല്‍കി രക്ഷിതാക്കളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇയാൾ. സ്‌കൂള്‍ അടച്ചുപൂട്ടി ഒളിവില്‍ പോയ പ്രതിക്കായി മഞ്ചേരി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.എം. ബിനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ മഞ്ചേരിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പരാതിക്കാര്‍ സ്റ്റേഷനിലെത്തി ഇയാളെ തിരിച്ചറിഞ്ഞു. രാത്രിയോടെ പ്രതിയെ മജിസ്‌ട്രേറ്റിനുമുന്‍പില്‍ ഹാജരാക്കി.