തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണങ്ങളില്‍നിന്ന് ഒളിച്ചോടുകയാണെന്നും സഭയില്‍ വരാത്തത് മനഃപൂര്‍വമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. അന്വേഷണത്തിന് എട്ടുമാസത്തെ സാവകാശം നല്‍കിയത് ബിജെപി – സിപിഎം സെറ്റില്‍മെന്റിന്റെ ഭാഗമാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. നിയമസഭ ബഹിഷ്‌ക്കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഇന്‍കം ടാക്‌സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡും രജിസ്ട്രാര്‍ ഓഫ് കമ്പനീസും നടത്തിയ അന്വേഷണങ്ങളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി. ഒരു സേവനവും നല്‍കാതെ വന്‍ തുക മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിന്റെ അക്കൗണ്ടിലേക്ക് എത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയേക്കൊണ്ടുള്ള കാര്യസാധ്യത്തിനുവേണ്ടി പണം നല്‍കിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതേക്കുറിച്ച് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും അന്വേഷിക്കുന്നുണ്ടെന്നും വി ഡി സതീശന്‍ നേതാവ് പറഞ്ഞു.