ലൊസാഞ്ചൽസ്: ഹോളിവുഡ് നടനും സംവിധായകനുമായ കാള്‍ വെതേഴ്‌സ് (76) അന്തരിച്ചു. വ്യാഴാഴ്ച ഉറങ്ങിക്കിടക്കുമ്പോഴാണ് മരണം സംഭവിച്ചതെന്ന് കുടുംബം പ്രസ്താവനയില്‍ അറിയിച്ചു. മരണകാരണം പുറത്തുവിട്ടിട്ടില്ല. 50 വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ എഴുപത്തിയഞ്ചിലധികം സിനിമകളിലും നിരവധി ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്. 948ൽ ന്യൂഓർലിയൻസിലാണ് വെതേഴ്സ് ജനിച്ചത്. സാൻ ഡിയെഗൊ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഫുട്ബോൾ കളിക്കാരനായാണ് കരിയർ തുടങ്ങിയത്. അവിടെ തിയറ്റർ ആക്ടിങ് ആണ് പഠിച്ചത്. 1970ൽ ഓക്‌ലൻഡ് റെയ്ഡേഴ്സിൽ ചേർന്നു.
അര്‍നോള്‍ഡ് ഷ്വാസ്‌നഗര്‍ നായകനായ ‘പ്രെഡേറ്റര്‍’, റോക്കി സീരീസ്, ഹാപ്പി ഗില്‍മോര്‍, ദ മണ്ഡലോറിയന്‍, അറസ്റ്റെഡ് ഡെവലപ്‌മെന്റ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. നിരവധി ടെലിവിഷന്‍ സീരീസ് എപ്പിസോഡുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2021ല്‍ എമ്മി പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ആക്ഷന്‍ – കോമഡി ചിത്രങ്ങളാണ് അഭിനയിച്ചതില്‍ അധികവും.