തൃശൂർ: കരുവന്നൂർ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചിറക്കല്‍ സ്വദേശിനി ട്രൈസി വർഗീസ് (28) ആണ് മരിച്ചത്. ആയുർവേദ ഡോക്‌ടറായ യുവതി ഇന്ന് ഉച്ചയോടെ കരുവന്നൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.
ഇന്ന് ഉച്ചയ്‌ക്ക് 12.30 ഓടെയാണ് സംഭവമുണ്ടായത്. കരുവന്നൂർ പാലത്തിലൂടെ നടന്ന് മധ്യഭാഗത്തെത്തിയ ട്രൈസി പുഴയിലേക്ക് ചാടുകയായിരുന്നു. യുവതി പുഴയിലേക്ക് ചാടുന്നതുകണ്ടവരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു നടത്തിയ പരിശോധനയിൽ മണിക്കൂറുകൾക്കുശേഷമാണ് മൃതദേഹം കണ്ടെത്താനായത്.
തൃശൂര്‍ പാട്ടുരായ്ക്കലിലായിരുന്നു ട്രൈസി താമസിച്ചിരുന്നത്. ട്രൈസിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ ടൗണ്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം യുവതിയുടെ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.