കോട്ടയം: നമ്മൾ ഉപയോഗിക്കാതെ സൂക്ഷിച്ചിട്ടുള്ള സാധന സാമഗ്രികൾ മറ്റൊരാൾക്ക് സംഭാവന ചെയ്യുന്നതിനായി ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വോൾ ഓഫ് ലവ് പദ്ധതി കളക്ട്രേറ്റിലും. കളക്‌ട്രേറ്റിൽ ജില്ലാ പഞ്ചായത്തിനു സമീപമാണ് വോൾ ഓഫ് ലവ് സ്ഥാപിച്ചത്. ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടവും റോട്ടറി ക്ലബ്ബ് കോട്ടയം നോർത്തിന്റെയും സഹായത്തോടെയാണ്വോൾ ഓഫ് ലവ് സ്ഥാപിച്ചത്.
തുണിത്തരങ്ങൾ, ബാഗുകൾ, പായ്ക്കറ്റ് ഭക്ഷണസാധനങ്ങൾ, പഠനോപകരണങ്ങൾ, കസേരകൾ തുടങ്ങി കേടുപാടുകൾ ഇല്ലാത്ത എന്തും വോൾ ഓഫ് ലവിന്റെ കബോർഡിൽ വയ്ക്കാം. ആരാണ് നൽകിയതെന്നോ ആരാണ് ഉപയോഗിക്കുന്നതെന്നോ പരസ്പരം അറിയാതെ നമുക്ക് മറ്റൊരാളെ സഹായിക്കാനാകും.
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പി.ആർ. ബീന, ഡെപ്യൂട്ടി കളക്ടർ എം.എച്ച്. ഹരീഷ്, റോട്ടറി ക്ലബ്ബ് കോട്ടയം നോർത്ത് പ്രസിഡന്റ് ജെബിസൺ ഫിലിപ്പ്, സെക്രട്ടറി സിബി കുര്യൻ, അസിസ്റ്റന്റ് ഗവർണർ അരുൺ സെബാസ്റ്റ്യൻ, സീനിയർ സൂപ്രണ്ട് കെ.കെ. ബിനി, ജീവനക്കാർ, റോട്ടറി ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.