ഷാർജ: കൊച്ചി-ഷാർജ വിമാനത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്ന് പുലർച്ചെ 1.40 ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ് എ.സി. പ്രവർത്തിപ്പിക്കാത്തത് ചോദ്യം ചെയ്ത് പ്രതിഷേധിച്ചത്. പലർക്കും എയർ കണ്ടീഷൻ ഇല്ലാതെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയായിരുന്നു യാത്രക്കാർ പ്രകോപിതരായത്.
സമയം കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടില്ല. എന്നാൽ എ.സിയും പ്രവർത്തിപ്പിക്കാതെ വന്നതോടെ വിമാനത്തിനകത്ത് വെന്തുരുകാൻ കൂടി തുടങ്ങിയതോടെ യാത്രക്കാർ അസ്വസ്ഥരായി. പലർക്കും ശ്വാസം കിട്ടാത്ത അവസ്ഥ. കുട്ടികളും, പ്രായമേറിയവരും ബുദ്ധിമുട്ട് അറിയിച്ചതോടെ വിമാനത്തിന്റെ അടച്ച ഡോർ വീണ്ടും തുറന്നിടാൻ ജീവനക്കാർ നിർബന്ധിതരായി.
എയർ ട്രാഫിക് കൺട്രോളിൽ നിന്ന് സിഗ്നൽ കിട്ടാത്തതിനാലാണ് വിമാനം പുറപ്പെടാൻ വൈകുന്നതെന്നും ടേക്ക് ഓഫിന് തൊട്ടുമ്പ് വിമാനത്തിൽ എ.സി പ്രവർത്തിപ്പിക്കാമെന്നും ജീവക്കാർക്ക് ഉറപ്പ് നൽകി.പ്രതിഷേധിച്ച യാത്രക്കാർ സീറ്റിലേക്ക് മടങ്ങിയതോടെ നിശ്ചയച്ചതിലും 35 മിനിറ്റ് വൈകി പുലർച്ചെ രണ്ടേകാലിനാണ് IX 411 വിമാനം ഷാർജയിലേക്ക് തിരിച്ചത്. ടേക്ക് ഓഫിന് തൊട്ടുമുമ്പ് മാത്രമാണ് എസി പ്രവർത്തിക്കാൻ തുടങ്ങിയതെന്ന് യാത്രക്കാർ പറഞ്ഞു.