തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിലെ ചോദ്യോത്തരവേളയിൽ ശബരിമല വിവാദങ്ങൾക്ക് മറുപടി പറഞ്ഞ് മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമലയിലെ തിരക്കിൽ വ്യാജ പ്രചാരണമുണ്ടായെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ശബരിമലയിൽ ഉണ്ടായത് അഭൂതപൂർവമായ ഭക്തജനത്തിരക്കാണ്. തിരക്ക് നിയന്ത്രിക്കാൻ സർക്കാർ കൃത്യമായി ഇടപെട്ടു.
ശബരിമലയെ തകർക്കാൻ ബോധപൂർവം പ്രചാരണം ഉണ്ടായോ എന്ന് സംശയിക്കുന്നു. സംഭവിക്കാത്ത കാര്യം സംഭവിച്ചു എന്ന് വരുത്തിത്തീർക്കാൻ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു. ആന്ധ്രയിൽ നടന്ന അക്രമം ശബരിമലയിൽ നടന്നതെന്ന് വ്യാജമായി പ്രചരിപ്പിച്ചു. സൈബർ പൊലീസ് നടപടി കടുപ്പിച്ചപ്പോൾ പ്രചാരണത്തിന് ശമനം ഉണ്ടായെന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കി.