തിരുവനന്തപുരം: പി എസ് സി നിയമന വിഷയത്തിൽ കേരള സർക്കാരിനെതിരെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്. സർക്കാർ കണ്ണ് തുറക്കണമെന്ന തലക്കെട്ടോടെ ഷമ്മാസ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സർക്കാരിനെതിരെ രംഗത്തെത്തിയത്. പതിനായിരക്കണക്കിന് യുവാക്കളുടെ ഭാവി നശിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൽപി/യുപി പി എസ് സി പരീക്ഷയുടെ അടിസ്ഥാന യോഗ്യതയായ കെ -ടെറ്റ് പരീക്ഷയുടെ (ഡിസംബർ 2023) റിസൾട്ട് ഇതുവരെയും അനൗൺസ് ചെയ്യാതിരിക്കുകയും പി എസ് സി അപേക്ഷ തിയ്യതിയിൽ മാറ്റംവരുത്താതിരിക്കുകയും ചെയ്യുന്ന പരീക്ഷ ഭവന്റേയും പി എസ് സിയുടേയും നടപടികൾ ഉദ്യോഗാർത്ഥികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഷമ്മാസ് ആരോപിച്ചു.
മൂന്നോ നാലോ വർഷത്തിലൊരിക്കൽ നടത്തുന്ന എൽപി/യുപി പി എസ് സി പരീക്ഷ ഇത്തവണ നഷ്ടമായാൽ പിന്നീട് ഒരിക്കലും എഴുതാനാവാതെ പ്രായപരിധിക്ക് പുറത്ത് പോവുന്നവരുടെ എണ്ണവും വലുതാണെന്നും ഷമ്മാസ് കുറിച്ചു.