കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ഹൈകോടതിയിലെ മുൻ ഗവ. പ്ലീഡർ അഡ്വ. പി.ജി. മനു പോലീസിൽ കീഴടങ്ങി. പുത്തൻകുരിശ് പൊലീസിന് മുൻപാകെയാണ് കീഴടങ്ങിയത്. മനു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് പി.ജി. മനു സുപ്രീംകോടതിയെ സമീപിച്ചത്. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്നാണ് മുൻ സീനിയർ ഗവണ്മെന്റ് പ്ലീഡർക്കെതിരായ കേസ്.
2018ല്‍ നടന്ന കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറിലാണ് പരാതിക്കാരി അഭിഭാഷകനെ കാണാനെത്തിയത്. പിന്നീട് പലപ്പോഴും യുവതിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പരാതിക്കാരിയുടെ വീട്ടില്‍വച്ചും പീഡിപ്പിച്ചതായി മൊഴിയുണ്ട്. അനുവാദമില്ലാതെ പരാതിക്കാരിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐ ടി ആക്ട് അടക്കം ചുമത്തിയാണ് അഭിഭാഷകനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.