കോഴിക്കോട്: മുക്കം അഭിലാഷ് തിയറ്റർ ഉടമ കിഴുക്കാരകാട്ട് കെ.ഒ. ജോസഫ് (അഭിലാഷ് കുഞ്ഞൂഞ്ഞ്) അന്തരിച്ചു. തീയറ്റർ രംഗത്ത് പ്രമുഖമായിരുന്നു ഇദ്ദേഹം. തൃശൂരിലെ തീയറ്ററിൽ കാൽവഴുതി വീണാണ് മരണം.
കോഴിക്കോട് മുക്കത്ത് അഭിലാഷ് തീയറ്റർ സ്ഥാപിച്ചാണ് തിയറ്റർ രംഗത്ത് പ്രവേശിച്ചത്. ഇതുകൂടാതെ കോഴിക്കോട് നഗരത്തിലെ കോറണേഷൻ മൾട്ടിപ്ലക്സ് തിയറ്റർ, റോസ് തീയറ്ററുകൾ എന്നിവയിലായി എട്ടോളം സ്ക്രീനുകൾ കെ.ഒ. ജോസഫിന്റേതാണ്.
പ്രൊജക്ഷൻ, ശബ്ദവിന്യാസം എന്നിവയിൽ വിട്ടുവീഴ്ചയില്ലാത്ത ജോസഫ്, മലബാറിലെ സിനിമാ ആസ്വാദകരുടെ അടുത്ത സുഹൃത്തായിരുന്നു. 3ഡി 4കെ, ഡോൾബി അറ്റ്മോസ് സിനിമകൾ പൂർണതയോടെ, ക്ലാരിറ്റി നഷ്ടമില്ലാതെ പ്രേക്ഷകരിലേക്കെത്തിക്കാൻ ജോസഫ് പുലർത്തിയ ശ്രദ്ധ ഏറെ കയ്യടി നേടിയിരുന്നു.