Health

ജപ്പാനിൽ കോവിഡ് കേസുകൾ വീണ്ടും കുതിക്കുന്നു:ജെ.എൻ.1 എന്ന വകഭേദമാണ് കുത്തനെ ഉയരുന്ന കോവിഡ് കേസുകൾക്ക് പിന്നിലെന്ന് ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു

ടോക്യോ: ജപ്പാനിൽ കോവിഡ് കേസുകൾ വീണ്ടും കുതിക്കുകയാണ്. ഒമ്പതാമത്തെ ആ​ഴ്ച്ചയിലും തുടർച്ചയായി കോവിഡ് നിരക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. രാജ്യം പത്താമത് കോവിഡ് തരം​ഗത്തിലേക്ക് പോകുമോയെന്ന ആശങ്കയിലാണ് വിദ​ഗ്ധർ.

ജെ.എൻ.1 എന്ന വകഭേദമാണ് കുത്തനെ ഉയരുന്ന കോവിഡ് കേസുകൾക്ക് പിന്നിലെന്ന് ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ നവംബർ മുതൽ കോവിഡ് കേസുകൾ ഉയരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ജനങ്ങൾ മതിയായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കെയോ സർവകലാശാലയിലെ പകർച്ചവ്യാധി വിഭാ​ഗം വിസിറ്റിങ് പ്രൊഫസറായ നൊറിയോ സു​ഗായ പറഞ്ഞു.

നിലവിൽ ലോകത്തെ പലഭാ​ഗങ്ങളിലുമുള്ള കോവിഡ് വർധനവിനു പിന്നിൽ ജെ.എൻ.1 വകഭേദമാണെന്നാണ് റിപ്പോർട്ടുകൾ. ജെ.എൻ.1-ന് പ്രതിരോധശേഷിയെ മറികടക്കാനുള്ള പ്രാപ്തിയുണ്ടെന്നാണ് കരുതുന്നത്. ജപ്പാനിലെ നിലവിലെ സാഹചര്യത്തെ പത്താംതരം​ഗമായി നിർവചിക്കാം. രോ​ഗബാധിതരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നാണ് ഭയപ്പെടുന്നത്, സു​ഗായ പറയുന്നു.

പുതിയ കേസുകളിൽ ഏറിയ പങ്കിനും പിന്നിൽ ജെ.എൻ.1 വകഭേദമാണെന്നും വിദ​ഗ്ധർ പറയുന്നു.

അമേരിക്കയിലെ അമ്പതുശതമാനം കോവിഡ് കേസുകൾക്കും പിന്നിൽ പുതിയ വകഭേ​ദമായ ജെഎൻ.1 ആണെന്ന് അടുത്തിടെ സി.ഡി.സി.(Centers for Disease Control and Prevention) വ്യക്തമാക്കിയിരുന്നു. ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎൻ.1 നിലവിൽ 41-ലധികം അമേരിക്കൻ രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ജെഎൻ.1 മൂലം ആശുപത്രിവാസം കൂടുന്നില്ലെങ്കിലും ലോങ് കോവിഡ് പോലുള്ളവയുടെ സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിദ​ഗ്ധർ വിലയിരുത്തുന്നത്. ആ​ഗോളതലത്തിൽ തന്നെ വലിയരീതിയിൽ ജെഎൻ.1 വ്യാപനമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, മതിയായ ടെസ്റ്റിങ് സംവിധാനവും വാക്സിനും ചികിത്സാമാർ​ഗങ്ങളുമൊക്കെ പാലിക്കുകവഴി ജെഎൻ.1-നെ പ്രതിരോധിക്കാനാവുമെന്ന് സി.ഡി.സി. പറയുന്നു.

ഈ വർഷം സെപ്തംബറിൽ അമേരിക്കയിലാണ് ഒമിക്രോണിന്റെ ഉപവകഭേദമായ ജെ.എൻ.വൺ വകഭേദം ആദ്യമായി കണ്ടെത്തുന്നത്. തുടർന്ന് ചൈനയിലും ഈ വകഭേദം വിവിധയാളുകളിൽ സ്ഥിരീകരിക്കുകയുണ്ടായി. നിലവിൽ അമേരിക്ക, യു.കെ, ഐസ്​ലൻഡ്, സ്പെയിൻ, പോർച്ചു​ഗൽ, നെതർലന്റ്സ് തുടങ്ങിയ രാജ്യങ്ങളിൽ ജെ.എൻ.1 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ മുപ്പത്തിയെട്ട് രാജ്യങ്ങളിൽ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

തീരെ ചെറിയ ലക്ഷണങ്ങളിൽത്തുടങ്ങി മിതമായ രീതിയിലുള്ളവ വരെയാണ് ജെഎൻ.വൺ വകഭേദത്തിൽ പ്രത്യക്ഷമാകുന്നതെന്ന് ലോകാരോ​​ഗ്യസംഘടന പറയുന്നു. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. ചിലരോ​ഗികളിൽ വളരെ ലളിതമായ ശ്വസനേന്ദ്രിയ രോ​ഗലക്ഷണങ്ങളും പ്രകടമാകാറുണ്ട്. അവ നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ ഭേദമാകാറുമുണ്ട്.

ഇവകൂടാതെ ചില പുതിയ ലക്ഷണങ്ങളും ഈ വകഭേദത്തിനൊപ്പം കാണുന്നുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്. വിശപ്പില്ലായ്മ, തുടർച്ചയായ മനംപുരട്ടൽ തുടങ്ങിയവ അതിൽ ചിലതാണ്. കൂടാതെ അമിതമായ ക്ഷീണം, പേശികളുടെ ക്ഷയം തുടങ്ങിയവയും അനുഭവപ്പെട്ടേക്കാം. മറ്റു കോവിഡ് വകഭേദങ്ങളേക്കാൾ ക്ഷീണം തോന്നാമെന്നും ചെറിയ ജോലികൾ ചെയ്യുമ്പോൾപോലും അനുഭവപ്പെടുന്ന തളർച്ചയും കാണാമെന്നും പറയുന്നു.

ചില പ്രത്യേകസാഹചര്യങ്ങളിൽ ​ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും അനുഭവപ്പെടാം. ഇത് ദഹനവ്യവസ്ഥയെ ബാധിച്ചേക്കാം. ഛർദി, ഓക്കാനം തുടങ്ങിയവ ഇവരിൽ പ്രകടമാകും.മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ജെഎൻ.1-ന് വ്യാപനശേഷി കൂടുതലായിരിക്കുമെന്നാണ് സി.ഡി.സി.(Centers for Disease Control and Prevention)യും വ്യക്തമാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top