ബെംഗളൂരു: തനിക്കെതിരായി ഉയർന്ന ആരോപണത്തിൽ ഖേദം രേഖപ്പെടുത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാഷ്ട്രപതി ദ്രൗപദി മുർമുവിനെക്കുറിച്ചു ബഹുമാനമില്ലാതെ സംസാരിച്ചെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ അവർ എന്നു ബഹുമാനാർഥം പരാമർശിക്കുന്ന കന്നഡ വാക്കായ ‘അവരു’ എന്നതിനു പകരം ‘അവളു’ എന്നാണ് പറഞ്ഞത്.
രാജ്യത്തിന്റെ പ്രഥമപൗരയ്ക്ക് ബഹുമാനം കൽപിക്കാത്ത മുഖ്യമന്ത്രിയെ ഉടൻ പുറത്താക്കണമെന്ന ആവശ്യവുമായി ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് കുമാരസ്വാമി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം ചർച്ചയായത്. തുടർന്നാണ് തന്നെപ്പോലെ പിന്നാക്ക സമുദായത്തെ പ്രതിനീധികരിക്കുന്ന രാഷ്ട്രപതിയോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും പ്രസംഗത്തിനിടെ നാവു പിഴച്ചതാണെന്നും സിദ്ധരാമയ്യ വിശദീകരിച്ചു.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനും അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കും രാഷ്ട്രപതിയെ ക്ഷണിക്കാത്ത ദലിത് സമുദായത്തിൽ നിന്നായതു കൊണ്ടാണെന്ന് പറയുന്നതിനിടെയാണ് സിദ്ധരാമയ്യയുടെ നാവു പിഴച്ചത്. തുടർന്ന് ഇതിനെതിരെ ബിജെപിയും ദളും ഒരുപോലെ വിമർശനങ്ങളുമായി രംഗത്തു വരികയായിരുന്നു.