തൃശൂർ: മാധ്യമങ്ങൾ, ജുഡീഷ്യറി എന്നിവയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് നടൻ പ്രകാശ് രാജ്. രാജ്യത്ത് ചോദ്യങ്ങൾ ഉയരാത്ത കാലമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തിൽ ആർട്ട് ആൻ്റ് ഡെമോക്രസി എന്ന വിഷയത്തിലെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. ബിജെപിയുടേയും കേന്ദ്ര സർക്കാരിൻ്റേയും ആശയങ്ങളേയും നിലപാടുകളേയും ചർച്ചയിൽ പ്രകാശ് രാജ് എതിർത്തു.
വിശ്വാസങ്ങളുടെ മറപിടിച്ച് രാജ്യത്ത് ഫാസിസം നടപ്പാക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. കലയ്ക്കു മാത്രമേ ജനാധിപത്യം തിരികെക്കൊണ്ടുവരാൻ സജീവമായി ഇടപെടാൻ കഴിയൂ. രാമായണവും അദ്ദേഹം ചര്‍ച്ചയില്‍ പരാമർശിച്ചു. നിരന്തരം ചോദ്യങ്ങൾ ചോദിക്കേണ്ട കാലത്താണ് നമ്മൾ ജീവിക്കുന്നത്. മാധ്യമങ്ങൾക്ക് ചോദ്യം ഉയർത്താനാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗർഭനിരോധന ഉറ പോലെ മാധ്യമങ്ങളെ മോദി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചലച്ചിത്ര താരങ്ങൾ അവാർഡുകൾ മാത്രമാണ് ലക്ഷ്യമിടുന്നത്. പോരാട്ടത്തിനായി അവരെ കാത്തു നിൽക്കേണ്ട കാര്യമില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ചലച്ചിത്രതാരങ്ങളെ വിശ്വസിക്കേണ്ടതില്ല.