ന്യൂഡല്‍ഹി: പാർലമെന്റിൻ്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം. വ്യാഴാഴ്ച ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സർക്കാരിൻ്റെ അവസാന കേന്ദ്ര ബജറ്റാണിത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം നാളെ തുടങ്ങുക.
10 ദിവസം നീണ്ട് നിൽക്കുന്ന ബജറ്റ് സമ്മേളനം അടുത്ത മാസം ഒമ്പതിന് അവസാനിക്കും. തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷ. സ്ത്രീകൾക്കും യുവാക്കൾക്കും ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കും കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകും. നികുതി ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ, കാർഷിക മേഖല എന്നിവയ്ക്കും വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകും.