കോട്ടയം : ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി. ഇത്തരം ചര്‍ച്ചകള്‍ വിജയ സാധ്യത കുറക്കുമെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലിയിരുത്തല്‍. സീറ്റിനുവേണ്ടി അവകാശവാദവുമായി കേരള കോണ്‍ഗ്രസിലെ നേതാക്കള്‍ എത്തിയിരുന്നു. എന്നാല്‍ വിജയസാധ്യതയുള്ള സീറ്റിലെ ഇത്തരം ചര്‍ച്ചകള്‍ തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.ഇന്നലെ കോട്ടയം സീറ്റിനുള്ള അവകാശ വാദവുമായി സജി മഞ്ഞക്കടമ്പിൽ വന്നത് കോൺഗ്രസ് കേന്ദ്രങ്ങളെ ചിന്തിപ്പിച്ചിട്ടുണ്ട്.
ആരാണ് സ്ഥാനാര്‍ഥി എന്നല്ല വിജയസാധ്യതയെന്നതാണ് പ്രധാനം. ഇത്തരത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകരുതെന്ന് കേരള കോണ്‍ഗ്രസിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം സീറ്റ് വേണമെന്ന് യുഡിഎഫില്‍ ആവശ്യപ്പെട്ടതിന് പിന്നലെ തന്നെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും കേരള കോണ്‍ഗ്രസില്‍ തുടങ്ങിയിരുന്നു. ഫ്രാന്‍സിസ് ജോര്‍ജ്, പിസി തോമസ് എന്നിവരെ കൂടാതെ കെ എം മാണിയുടെ മരുമകന് എംപി ജോസഫും;സജി മഞ്ഞക്കടമ്പിലും സാധ്യത പട്ടികയിലുണ്ട്. അതേസമയം കോട്ടയത്ത് ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
അതേസമയം കോട്ടയം സീറ്റിനായി വാക്പോര് സൃഷ്ടിച്ച് സീറ്റ് കോൺഗ്രസ് തന്നെ ഏറ്റെടുപ്പിക്കുന്ന അവസ്ഥ സൃഷ്ടിക്കുവാനും ജോസഫ് കേരളാ കോൺഗ്രസിൽ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്.ഫ്രാൻസിസ് ജോർജിനെ സംയുക്ത കേരളാ കോൺഗ്രസ് മുതൽ എതിർക്കുന്ന ജില്ലയിലെ ജോസഫ് ഗ്രൂപ്പ് കാരനല്ലാത്ത;നാക്കിന് നീളമുള്ള ഒരു മുൻ എം എൽ എ യും;ജോസഫ് ഗ്രൂപ്പ് കാരനായ ഒരു മുൻ എം പി യുമാണ് ഇതിനായി ശ്രമിക്കുന്നത്.ജോസഫ് ഗ്രൂപ്പിന് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭ്യമാകുന്ന ഈ നിർണ്ണായക തെരഞ്ഞെടുപ്പിലും ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം എന്ന നിലപാട് സ്വീകരിക്കുന്ന ശക്തികൾക്കെതിരെ ജോസഫ് ഗ്രൂപ്പിലും അഭിപ്രായ രൂപീകരണം തുടങ്ങിയിട്ടുണ്ട് .സംയുക്ത കേരളാ കോൺഗ്രസിൽ ഇടുക്കി സീറ്റിനായി അവകാശവാദം ഉന്നയിക്കില്ല എന്ന നയം രൂപീകരിക്കുന്നതിൽ ഈ ഇരുവരും ഒറ്റക്കെട്ടായിരുന്നു .