തിരുവനന്തപുരം: സർക്കാർ-ഗവർണർ പോര് മുറുകുന്നതിനിടയിൽ പതിനഞ്ചാം നിയമസഭയുടെ പത്താം സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. കേന്ദ്ര സർക്കാറിനെതിരെയുള്ള വിമർശനങ്ങൾ പ്രസംഗത്തിൽ ഗവർണർ ഉൾപ്പെടുത്തുമോ എന്നതാണ് ഉറ്റു നോക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ ഭരണ-പ്രതിപക്ഷ പോരാട്ടത്തിന്റെ വേദിയായി ഈ സമ്മേളനം മാറും.
ഇടഞ്ഞ് നിൽക്കുന്ന ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനാണ് രാഷ്ട്രീയ കേരളം കാതോർത്തിരിക്കുന്നത്. കേന്ദ്ര വിമർശനങ്ങൾ ഗവർണർ വായിക്കുമോ, ഒഴിവാക്കുമോ എന്നതാണ് അറിയേണ്ടത്. തർക്കങ്ങൾ ഇല്ലാതെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒപ്പുവെച്ചത് മാത്രമാണ് സർക്കാറിന് ആശ്വാസം. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ രാഷ്ട്രീയ പോരിനും സഭാ സമ്മേളനം വേദിയാകും. പതിവു പോലെ ഈ സമ്മേളനത്തിലും മാസപ്പടി വിവാദം ചൂടിയേറിയ വാഗ്വാദങ്ങൾക്ക് വഴിയൊരുക്കും. എക്സാലോജിക്കിനെതിരെ പുറത്തുവന്ന ആർഒസി റിപ്പോർട്ടാണ് പ്രതിപക്ഷത്തിന്റെ മുഖ്യ ആയുധം. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് സിഎംആർഎൽ വിവാദം വീണ്ടും സഭയിൽ എത്തിക്കാനാണ് പ്രതിപക്ഷം തയ്യാറെടുക്കുന്നത്.