Kerala

കടനാട്പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം എന്ന സ്വപ്നം പൂർത്തിയാകുന്നു

കോട്ടയം :കടനാട് :-ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള കടനാട് ഗ്രാമപഞ്ചായത്തിലെ ആരോഗ്യ മേഖലയിലെ ഏക ആശ്രയമാണ് കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം. 1970 കളിൽ ഡിസ്പെൻസറിയായി പ്രവർത്തനം ആരംഭിച്ച നാൾ മുതൽ പാവപ്പെട്ട പതിനായിരങ്ങൾക്ക് ചികിത്സാ സേവനങ്ങൾ നൽകാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട് . ഘട്ടംഘട്ടമായി വളർന്ന് ഇപ്പോൾ രണ്ട് ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാണ്. ഏതാണ്ട് നൂറിലധികം രോഗികൾ ദിവസവും പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നുണ്ട്.

എന്നാൽ എല്ലാ കാലങ്ങളിലും സ്ഥലസൗകര്യത്തിന്റെ കുറവ് സ്ഥാപനത്തിൻറെ പ്രവർത്തനങ്ങളെ തെല്ലൊന്നുമല്ല പിന്നോട്ട് അടിച്ചിരുന്നത്. കാലങ്ങളായുള്ള ഈ അവസ്ഥക്കാണ് ഇപ്പോൾ പരിഹാരമാകുന്നത്. ആരോഗ്യ കേരളം വഴി ലഭ്യമാക്കിയ ഒരു കോടി അൻപത്തിയാറു ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് ഇപ്പോൾ പണികൾ പൂർത്തീകരിച്ചത് . ഉദ്ഘാടനം കഴിയുന്നതോടെ കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തപ്പെടും .വൈകിട്ട് ആറുമണി വരെ ഔട്ട് പേഷ്യന്റ് സമയം രോഗികൾക്ക് വർദ്ധിപ്പിച്ച് ലഭിക്കുകയും ചെയ്യും. കടനാട് ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മറ്റിയുടെയും കൂട്ടായ പ്രവർത്തനമാണ് ഈ നേട്ടത്തിലേക്ക് സ്ഥാപനത്തെ ഉയർത്തിയത്.

ഫെബ്രുവരി പകുതിയോടെ ആരോഗ്യമന്ത്രി അടക്കമുള്ള ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ആഘോഷമായി ഉദ്ഘാടനം നടത്താൻ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി തീരുമാനിച്ചു .പഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പി യോഗത്തിൽ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.ജി സോമൻ പഞ്ചായത്ത് മെമ്പർമാരായ ജെയ്സി സണ്ണി ,ഉഷ രാജു ,മധു കുന്നേൽ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ ബെന്നി ഈരൂരിക്കൽ കെ. എസ് സെബാസ്റ്റ്യൻ ,ബിനു വള്ളോം പുരയിടം, സിബി അഴകൻ പറമ്പിൽ, ജോണി ചാത്തൻ കുന്നേൽ മെഡിക്കൽ ഓഫീസർ ഡോക്ടർ വിവേക് മാത്യു പുളിക്കൽ ഹെൽത്ത് ഇൻസ്പെക്ടർ സുമേഷ് എം തുടങ്ങിയവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top