ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. രാവിലെ മുതൽ തന്നെ ദർശനം തുടങ്ങും. ഇന്നലെ പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ദർശനം. ഇന്നലെ ഉച്ചയ്ക്ക് അഭിജിത് മുഹൂർത്തത്തിൽ ഏറ്റവും വിശേഷപ്പെട്ട സമയമായ ഉച്ചയ്ക്ക് 12:29:08 നും 12:30:32 നും ഇടയിലാണ് ബാലരാമ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങ് നടന്നത്. മുഖ്യയജമാനൻ ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം വഹിച്ചത്.
ചടങ്ങ് നടക്കുമ്പോൾ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും മോദിക്കൊപ്പം ഉണ്ടായിരുന്നു. കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ആണ് ചടങ്ങിന് കാർമികത്വം വഹിച്ചത്. ചടങ്ങിന് സാക്ഷിയായി 121 ആചാര്യന്മാരും പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു.