ചെന്നൈ: ഇടത് മുന്നണിയുടെ ഡൽഹി ജനകീയ പ്രതിരോധത്തിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ച് കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണപ്പത്രം വ്യവസായ മന്ത്രി പി രാജീവ് ചെന്നൈയിലെത്തി സ്റ്റാലിന് കൈമാറി. ധനപരമായി സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നയത്തെ യോജിച്ച് എതിർക്കേണ്ടതാണെന്ന് കൂടിക്കാഴ്ചയ്ക്കിടെ സ്റ്റാലിൻ പറഞ്ഞു.
ഫെബ്രുവരി എട്ടിനാണ് കേന്ദ്ര നയങ്ങൾക്കെതിരെ ഇടതുമുന്നണിയുടെ ഡൽഹി സമരം. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം സമരത്തിന്റെ ഭാഗമാകും. ഇൻഡ്യ മുന്നണിയിലെ എല്ലാ നേതാക്കളെയും ക്ഷണിക്കാനാണ് തീരുമാനം. ഇതിന് പുറമെ രാജ്യത്തെ ബിജെപി മുഖ്യമന്ത്രിമാർക്കും കത്ത് നൽകാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ പ്രത്യക്ഷ സമരത്തിന്റെ ആദ്യപടിയായി ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം കാസർകോട് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല തീർത്തിരുന്നു. ലക്ഷക്കണക്കിന് പേരാണ് മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തത്.