Crime

ഇടവക വികാരിയുടെ ഓഫിസ് മുറിക്കുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ

നാഗർകോവിൽ: തമിഴ്നാട് സർക്കാർ ട്രാൻസ്പോർട്ട് കോർപറേഷൻ ജീവനക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിങ്കൾ ചന്തയ്ക്കു സമീപം മൈലോട് മടത്തുവിള സ്വദേശിയും കന്യാകുമാരി ഡിപ്പോയിൽ മെക്കാനിക് വിഭാഗത്തിലെ ജീവനക്കാരനുമായ സേവിയർ കുമാറാണ് (45) മരിച്ചത്. ഇടവക വികാരിയുടെ ഓഫിസ് മുറിക്കുള്ളിൽ ആണ് സേവിയർ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് അടിയേറ്റു മരിച്ച നിലയിലാണു മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ മൈലോട് ദേവാലയ ഇടവക വികാരി ഉൾപ്പെടെ 15 പേർക്കെതിരെ കേസെടുത്തു. ഇവർ ഒളിവിലാണ്. ദേവാലയ ഇടവക കമ്മിറ്റി മുൻ അംഗമായിരുന്ന സേവിയറും നിലവിലെ കമ്മിറ്റി അംഗങ്ങളും തമ്മിൽ ഭരണസമിതിയിലെ വരവുചെലവു കണക്കുകളിലെ പൊരുത്തക്കേടുകളുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നതായി പൊലീസ് പറ‍ഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ സേവിയർ ഇതു പ്രചരിപ്പിച്ചിരുന്നതായും ആരോപണമുയർന്നിരുന്നു.

സേവിയറിന്റെ ഭാര്യ ജമീല മൈലോട് ദേവാലയ ഭരണ സമിതിയിലുൾപ്പെട്ട സ്വകാര്യ സ്കൂളിൽ അധ്യാപികയാണ്. വിവാദത്തെ തുടർന്നു ജമീലയെ സ്കൂൾ അധികൃതർ ജോലിയിൽനിന്നും സസ്പെൻഡ് ചെയ്തു. ഇതിനെപ്പറ്റി സംസാരിക്കുന്നതിനായി ഇടവക വികാരിയുടെ ഓഫിസിൽ എത്തിയതായിരുന്നു സേവിയറെന്നും പൊലീസ് പറഞ്ഞു.

കുളച്ചൽ, തക്കല ഡിവൈഎസ്പിമാർ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. സേവിയറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചതു ബന്ധുക്കൾ തടഞ്ഞു. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ബന്ധുക്കൾ പ്രതിഷേധിച്ചത്. തുടർന്നു പൊലീസുമായി നടത്തിയ ചർച്ചയിലൂടെ മൃതദേഹം ‌പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top