കൊച്ചി: ചിന്നക്കനാലിൽ റിസോർട്ട് വാങ്ങിയതിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മൊഴി എടുക്കാനായി മാത്യു കുഴൽനാടൻ എംഎൽഎയോട് ഹാജരാകാൻ വിജിലൻസ്. നാളെ രാവിലെ 11 മണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് വിജിലൻസ് നോട്ടീസ് നൽകി. തൊടുപുഴ മുട്ടത്തെ വിജിലൻസ് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ്റെ പരാതിയിലാണ് നടപടി.
മൊഴി നൽകാൻ ഹാജരാകുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു. 2023 സെപ്റ്റംബറിലാണ് വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. ചിന്നക്കനാലിലെ ഒരേക്കർ പതിനൊന്നര സെൻറ് സ്ഥലമിടപാടിലാണ് അന്വേഷണം. സ്ഥലം വിൽപ്പന നടത്തിയതിലെ ക്രമക്കേട് അന്വേഷിക്കാനായിരുന്നു സർക്കാർ നിർദേശം. വിവാദങ്ങൾക്കിടയിലും മാത്യു കുഴല്‍നാടന്‍റെ റിസോര്‍ട്ടിന് ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നു. റിസോര്‍ട്ടിന് പൊലൂഷനും പൊലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റുമുള്ളതിനാൽ ലൈസൻസ് പുതുക്കി നൽകുന്നതിന് തടസമില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.