തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയിൽ എല്ലാ വിഭാഗത്തിൽ ഉള്ളവരും പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. യൂത്ത് കോൺഗ്രസിനെയും ഡിവൈഎഫ്ഐ സമരത്തിന് ക്ഷണിച്ചു. വ്യാജകേസിൽ പെടാത്ത യൂത്ത് കോൺഗ്രസുകാർ ഉണ്ട്. അത്തരം നല്ലവരായ അണികളെ ക്ഷണിക്കുന്നതായി വികെ സനോജ് കൂട്ടിച്ചേർത്തു. ഇത് ഡിവൈഎഫ്ഐയെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല.
കേരളത്തിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണെന്നും സനോജ് പ്രതികരിച്ചു. സിപിഒ റാങ്ക് ലിസ്റ്റ് നിയമനം നടക്കുന്നില്ലെന്ന ആരോപണത്തിലും സനോജ് പ്രതികരിച്ചു. ആരോപണം വസ്തുതാ വിരുദ്ധമാണ്. ഒഴിവുകൾ ഉണ്ട് എന്ന റിപ്പോർട്ട് എവിടെ നിന്ന് വന്നുവെന്ന് ചോദിച്ച സനോജ് കേരളത്തിൽ ഇപ്പോൾ നിയമനനിരോധനം ഇല്ലെന്നും കൂട്ടിച്ചേർത്തു. മാതൃകാപരമായ നിയമനം കേരളത്തിൽ നടക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് നേതാവ് ജയിലിൽ പോയതും കാപ്പി കുടിക്കുന്നതുമൊക്കെയാണ് കേരളത്തിലെ പ്രധാന മാധ്യമങ്ങളിലെ വാർത്തയെന്നും അദ്ദേഹം പരിഹസിച്ചു.