Crime

ബലാത്സംഗ കേസിലെ പ്രതിയെ ജില്ലാ പോലീസിന്റെ റിപ്പോര്‍ട്ടില്‍ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചു

പാലാ : മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അന്താരാഷ്ട്ര കുറ്റവാളിയായി ഇന്റർപോൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടിൽ യാഹ്യാഖാൻ (40) എന്നയാളെയാണ് ജില്ലാ പോലീസിന്റെ നിരന്തര പരിശ്രമത്തിനൊടുവില്‍ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചത്. 2008 ൽ ഇയാൾ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. വീടുകൾ തോറും പാത്രക്കച്ചവടം നടത്തിവന്നിരുന്ന ഇയാൾ 2008 ജൂൺ മാസം പാലായിലെ ഒരു വീട്ടില്‍ കച്ചവടത്തിനായി എത്തുകയും വീട്ടിൽ തനിച്ചായിരുന്ന മാനസികവൈകല്യമുണ്ടായിരുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാൾ കണ്ണൂർ, മലപ്പുറം എന്നീ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം വിദേശത്തേക്ക് കടന്നതായി പോലീസ് കണ്ടെത്തുകയായിരുന്നു.

തുടർന്ന് യാഹ്യാഖാനെ വിദേശത്തുനിന്നും പിടികൂടുന്നതിനുവേണ്ടി എസ്.പി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇയാൾക്കെതിരെ പഴുതടച്ച റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്റർപോൾ ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കുകയുമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top