ചൈനീസ് പട്ടത്തിന്റെ ചരട് കഴുത്തിൽ കുടുങ്ങി 12 വയസുകാരൻ മരിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ചൈനീസ് മഞ്ച എന്നറിയപ്പെടുന്ന ചില്ല് പൊടി പൂശിയ പട്ടത്തിന്റെ ചരട് കുരുങ്ങിയാണ് കുട്ടി മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥിയായ സുരേന്ദ്ര ഭീലാണ് മരിച്ചത്.
വീടിന്റെ ടെറസിൽ സുഹൃത്തുക്കൾക്കൊപ്പം പട്ടം പറത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജില്ലയിൽ സമാന സംഭവങ്ങളിൽ അഞ്ച് പേർക്ക് പരുക്കേറ്റതായും പോലീസ് അറിയിച്ചു.