ആലപ്പുഴ: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്ക് കത്ത് നൽകി. ആലപ്പുഴയിൽ കളക്റ്ററേറ്റ് മാർച്ചിനിടെ വനിതകൾ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് കത്ത്.
യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് പ്രവീൺ, സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹരിത ബാബു ഉൾപ്പെടെ പതിനാറോളം പേർക്കാണ് പരിക്കേറ്റത്. ഏറെ പേർക്കും തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഉയർന്ന ഉദ്യോഗസ്ഥർ ലാത്തി മുറിയെ തല്ലിയത് ബോധപൂർവ്വമാണ്. മരണം സംഭവിക്കാത്തത് ഭാഗ്യംകൊണ്ട് മാത്രമാണ്. പൊലീസ് മാനുവൽപോലും പാലിക്കാതെ ക്രൂരപീഡനം നടത്തിയവരെ സർവ്വീസിൽ വെച്ചുപൊറിപ്പിക്കരുത്. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. വനിതകൾക്കുപോലും പ്രത്യേകപരിഗണന ഉണ്ടായില്ല. പുരുഷ പൊലീസ് ഇവരെ ഉപദ്രവിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ഇക്കാര്യങ്ങൾ ഗൗരവമായി പരിശോധിച്ച് അടിയന്തര നടപടി വേണമെന്നും രമേശ് ചെന്നിത്തല ഡിജിപി ദർവേഷ് സാഹിബിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.