വാഷിംഗ്‌ടൺ: കാമുകന്റെ ഒന്നര വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി പിടിയിലായി. അമേരിക്കയിലെ പെനിസിൽവാനിയയിലാണ് സംഭവം. അലീസിയ ഓവൻസ് എന്ന ഇരുപതുകാരിയാണ് അറസ്റ്റിലായത്. ബാറ്ററികൾ, സ്ക്രൂ, നെയിൽ പോളിഷ് റിമൂവർ എന്നിവ കഴിപ്പിച്ചാണ് യുവതി കാമുകന്റെ പെൺകുഞ്ഞിനെ കൊലപ്പെടുത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്.
കഴിഞ്ഞ വർഷം ജൂണിലാണ് ഐറിസ് റിത അൽഫേറ എന്ന കുഞ്ഞ് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചത്. കുഞ്ഞിന്റെ രക്തത്തിൽ അസിറ്റോൺ അമിതമായ അളവിലാണെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇതാണ് കേസിൽ നിർണായകമായത്. കുഞ്ഞിന്റെ പിതാവ് ബെയ്‌ലി ജേക്കബി സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്താണ് യുവതി കൃത്യം നടത്തിയത്. പിന്നാലെ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി പിതാവിനെ അലീസിയ വിളിച്ചറിയിക്കുകയായിരുന്നു. ബെയ്‌ലി വീട്ടിലെത്തിയപ്പോൾ അബോധാവസ്ഥയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. പിന്നാലെ ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേയ്ക്ക് കുഞ്ഞിനെ മാറ്റുകയും ചെയ്തിരുന്നു.