പാലാ :ഇന്നലെ പാലാ മിൽക്ബാർ ആഡിറ്റോറിയത്തിൽ കൂടിയ പത്രപ്രവർത്തകരുടെ കൂട്ടായ്മയിൽ പാലായുടെ കാരുണ്യത്തിന്റെ മുഖമായ ജോസഫ് ഡോക്ടറെ കുറിച്ച് പറഞ്ഞപ്പോൾ മംഗളം ജോസിനും ഏഴ് നാക്ക്.അങ്ങേര് ചികിത്സ നിർത്തിയത് പാലാക്കാർക്കെല്ലാം വലിയൊരു നഷ്ടമാണെന്ന് ജോസ് പറഞ്ഞപ്പോൾ എല്ലാവരും അതിനെ ശരി വച്ചു.
ഓട്ടോ റിക്ഷാ ക്കാർക്കും വളരെ ഇഷ്ട്ടമായിരുന്നു ജോസഫ് ഡോക്റ്ററെ .കാരണം വെയിറ്റിങ് ഇല്ല .പെട്ടെന്ന് തന്നെ ചികിത്സ ഉറപ്പ്.100 രൂപാ കൊടുത്താൽ അതുവാങ്ങും ഇല്ലെങ്കിൽ അതുമില്ല പൊക്കോ… ട്ടോ എന്ന് പറയുന്ന ഡോക്ടർ മെഡിക്കൽ രംഗത്ത് തന്നെ കാണില്ലെന്ന് പത്ര പ്രവർത്തകർ ഒന്നടങ്കം പറഞ്ഞു.
പാവങ്ങളെ പണം വാങ്ങാതെ ചികിൽസിച്ചിരുന്ന ജോസഫ് പാറക്കുളത്തിന് ജോയി ഡോക്ടർ എന്ന് അടുത്ത ആൾക്കാർ വിളിക്കുമായിരുന്നു.മിലിട്ടറിയിൽ ക്യാപ്റ്റനായിരുന്ന അദ്ദേഹത്തെ ഓർക്കുമ്പോൾ പാലായിലെ വ്യാപാരിയായ ജോയി പഞ്ഞിക്കുന്നേൽ ഗദ്ഗദ കണ്ഠനായി.ഞങ്ങൾക്കു എന്നും താങ്ങും തണലുമായിരുന്നു ജോയി ഡോക്ടർ.അദ്ദേഹം കുറവിലങ്ങാട്ട് ഇരിക്കുമ്പോൾ അവിടെയും ജനകീയനായിരുന്നു.രോഗം കണ്ടുപിടിക്കാൻ ഇത്രയും മിടുക്കനായ ഡോക്ടർ അപൂർവമായിരുന്നു.
രോഗം വന്നു ചികിത്സ തുടങ്ങാനായി തന്റെ ശിഷ്യന്മാരുള്ള രാജഗിരി ഹോസ്പിറ്റലിൽ ചെന്ന പി എസ് ജോസഫ് പറഞ്ഞത് വയറിന്റെ ഈ ഭാഗത്തൊരു ചേന വളരുന്നുണ്ട് അവനെ ഒന്ന് സ്കാൻ ചെയ്യണമല്ലോ എന്നായിരുന്നു.രോഗത്തെ തെല്ലും ഭയപ്പെട്ടിരുന്നില്ല അദ്ദേഹം .രോഗം മൂർച്ഛിച്ചു ഇന്നലെ വൈകിട്ട് മരിയൻ മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു അന്ത്യം.ഞാൻ എത്ര പാവപ്പെട്ട രോഗികളുമായി ചെന്നിരുന്നു അവരോടു അദ്ദേഹം പണം വാങ്ങിയിരുന്നില്ല.ലബോറട്ടറി ടെസ്റ്റിനുള്ള പണവും അദ്ദേഹം പലർക്കും കൊടുത്തു വിടുമായിരുന്നു പാലായിലെ തൊഴിലാളി നേതാവ് ജോസുകുട്ടി പൂവേലി ഇത് പറയുമ്പോൾ അദ്ദേഹവും വികാരാധീനനായി .
മൂന്ന് തലമുറകളെ ചികിൽസിച്ച ഡോക്ടറായി ഇദ്ദേഹമെന്ന് കൗൺസിലർമാരായ വി സി പ്രിൻസും ;ബിജി ജോജോയും; പൊതുപ്രവർത്തകനായ ജെയ്സൺ മാന്തോട്ടവും കോട്ടയം മീഡിയയോട് പറഞ്ഞു .അദ്ദേഹത്തിന്റെ നിര്യാണത്തോടെ പാവങ്ങൾക്ക് ചികിത്സ രംഗത്ത് വലിയൊരു ശൂന്യതയാണ് അനുഭവപ്പെടുന്നതെന്നും ഇവർ പറഞ്ഞു.ചെയർപേഴ്സൺ ജോസിൻ ബിനോ ;മുൻ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര എന്നിവർ പാലായുടെ കാരുണ്യ രൂപത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ