ഗാന്ധിനഗർ: സ്കൂട്ടർ യാത്രികനായ യുവാവിനെ തടഞ്ഞുനിർത്തി കമ്പിവടികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ കുടിലിൽ കവല ഭാഗത്ത് എട്ടുപറയിൽ വീട്ടിൽ അമൽ രാജ് (25) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ പത്താം തീയതി രാത്രി 11 മണിയോടുകൂടി സ്കൂട്ടറിൽ സഞ്ചരിച്ചു വരികയായിരുന്ന അതിരമ്പുഴ സ്വദേശിയായ യുവാവിനെ കൈപ്പുഴ കുരിശുപള്ളിക്ക് സമീപം തടഞ്ഞുനിർത്തി കയ്യിൽ കരുതിയിരുന്ന കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അമൽ രാജിന് യുവാവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നാണ് ഇയാൾ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ പ്രശാന്ത് എൻ.പി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.