സന്നിധാനം: ശബരിമലയിലെ ഭക്ഷണശാലകളിലും വിവിധ സ്റ്റാളുകളിലും വൃശ്ചികം ഒന്ന് (നവംബര്‍ 17) മുതൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിയോഗിച്ച സ്ക്വാഡ് നടത്തിയ പരിശോധനയിൽ ജനുവരി 11 വരെ പിഴയായി ഈടാക്കിയത് ഒൻപത് ലക്ഷത്തിലധികം രൂപ. ജനുവരി മൂന്ന് മുതൽ 11 വരെയുള്ള കാലയളവിലാണ് ഏറ്റവുമധികം തുക പിഴ ഇനത്തിൽ ഈടാക്കിയത്. 2,37000 രൂപയാണ് ഈ ഘട്ടത്തിൽ ഈടാക്കിയതെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് ആര്‍ സുമീതൻ പിള്ള അറിയിച്ചു.
ഡിസംബര്‍ 19 വരെയുള്ള കണക്ക് പ്രകാരം 4,61,000 രൂപ പിഴയായി ഈടാക്കിയിരുന്നു. ആകെ ആറ് ഡ്യൂട്ടി മജിസ്ട്രേറ്റുകളുടെ കീഴിലാണ് ഇതുവരെയുള്ള സ്ക്വാഡുകൾ പ്രവ൪ത്തിച്ചത്. പഴകിയ സാധനങ്ങളുടെ വില്പന, അമിത വില, അളവിൽ കുറവ് വരുത്തുക എന്നിവയുമായി ബന്ധപ്പെട്ടാണ് പിഴ. വിലനിലവാരം പ്രദ൪ശിപ്പിക്കാത്തവർക്ക് താക്കീത് നൽകിയിട്ടുണ്ട്. വിരി വയ്ക്കുന്നവരിൽ നിന്ന് അമിത തുക ഈടാക്കിയതിനും പിഴയുണ്ട്. ശൗചാലയങ്ങൾ ഉപയോഗിക്കുന്നതിന് കൂടുതൽ തുക വാങ്ങിയവർക്ക് പിഴ ചുമത്തിയിട്ടുണ്ട്.
ഭക്തരെ ചൂഷണം ചെയ്യുന്ന വിധത്തിൽ വ്യാപാരം നടത്തുന്നതിനെതിരേ നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. ഡ്യൂട്ടി മജിസ്ട്രേറ്റിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും കീഴിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ നിര്‍ദേശ പ്രകാരം എഡിഎം സൂരജ് ഷാജിയുടെ നിരീക്ഷണത്തിലാണ് സ്ക്വാഡുകൾ പ്രവര്‍ത്തിക്കുന്നത്. റവന്യൂ, ലീഗൽ മെട്രോളജി, ആരോഗ്യം, സിവിൽ സപ്ലൈസ് തുടങ്ങി വിവിധ വകുപ്പുകളിലെ ജീവനക്കാരായ 14 പേരാണ് ഒരു സ്ക്വാഡിലുള്ളത്.