Kerala

നയാഗ്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: ടെക്നോ പാര്‍ക്ക് ഫേസ് 3യിലെ പ്രധാന പദ്ധതികളിലൊന്നായ ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള എംബസി ടോറസ് ടെക്സോണിന്റെ ആദ്യ ഓഫീസ് നയാഗ്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.  ഇന്ത്യയിലെ പ്രധാന ഐടി ഹബ്ബായി തിരുവനന്തപുരം ടെക്‌നോ പാര്‍ക്ക് മാറുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. ഇക്വിഫാക്‌സ് അനലിറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് പോലുള്ള ആഗോള ബ്രാന്‍ഡുകള്‍ ഇതിനകം സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചു. പതിനഞ്ച് ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ പതിനായിരം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ ഇതിലൂടെ സാധ്യമാകും. മികച്ച മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെയും പ്രവര്‍ത്തനാന്തരീക്ഷം ഒരുക്കിയും കൂടുതല്‍ നിക്ഷേപം സംസ്ഥാനത്ത് എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ടെക്‌നോ പാര്‍ക്കില്‍ ടോറസ് ഡൗണ്‍ടൗണ്‍ പോലെ ഒരു സംരംഭം യാഥാര്‍ത്ഥ്യമാകുന്നു എന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫോണ്‍ പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പാക്കിവരികയാണ്. ഇതിനു പുറമെ കെ-ഫൈ എന്ന പദ്ധതിയിലൂടെ 2,023 പൊതു ഇടങ്ങളില്‍ സൗജന്യ വൈ ഫൈ ഹോട്സ്പോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. 2,000 ഹോട്ട്സ്പോട്ടുകള്‍ കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സാങ്കേതിക വിദ്യാധിഷ്ഠിത വ്യവസായങ്ങളില്‍ കേരളം വളരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് കേരളത്തില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ കയറ്റുമതിയില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ്.’ 19,066 കോടി രൂപയുടെ സോഫ്റ്റ്വെയറുകളാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടെക്‌നോ പാര്‍ക്കില്‍ 11.45 ഏക്കര്‍ സ്ഥലത്തില്‍ ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സും എംബസി ഗ്രൂപ്പും പൂര്‍ത്തീകരിച്ച എംബസി ടോറസ് ടെക്‌സോണ്‍ എന്ന അത്യാധുനിക ഓഫീസ് 30 ലക്ഷം ചതുരശ്ര അടിയില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ 15 ലക്ഷം ചതുരശ്ര അടി വീതമുള്ള രണ്ട് കെട്ടിടങ്ങളില്‍ ആദ്യത്തേതാണ് ഇന്ന് ഉദ്ഘാടനം ചെയ്ത 13 നിലകളുള്ള നയാഗ്ര. പ്രമുഖ ഫോര്‍ച്യൂണ്‍ 100 കമ്പനികളുള്‍പ്പെടെ നയാഗ്രയില്‍ ഇതിനോടകം എത്തിച്ചേര്‍ന്നിട്ടുണ്ട്. കെട്ടിടത്തിന്റെ 85 ശതമാനവും ഉദ്ഘാടനത്തിന് മുന്‍പ് തന്നെ കമ്പനികള്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞു. 50 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരുങ്ങുന്ന ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രത്തില്‍ സെന്‍ട്രം ഷോപ്പിംഗ് മാള്‍, നോണ്‍-സെസ് ഓഫീസ് കെട്ടിടം, ടോറസ് യോസെമൈറ്റ്, അസറ്റ് ഐഡന്റിറ്റി, ബിസിനസ് ഹോട്ടല്‍ എന്നിവയും ഉള്‍ക്കൊള്ളുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top