കോട്ടയം :പാലാ നിയോജക മണ്ഡലത്തിലെ തലപ്പലം ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് പാർട്ടിയിൽ വിഭാഗീയത രൂക്ഷമാകുന്നു.നിലവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് എ ഗ്രൂപ്പ് കാരിയുമായ അനുപമ വിശ്വനാഥിനെ ഉടനെ തന്നെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാണ് തലപ്പലത്തെ തലതൊട്ടപ്പന്മാർ ആവശ്യപ്പെടുന്നത്.പകരം ഐ ഗ്രൂപ്പ് കാരിയായ എൽസി ജോസഫിനെ പ്രസിഡണ്ട് ആക്കണമെന്നാണ് ഐ ഗ്രൂപ്പുകാർ ആവശ്യപ്പെടുന്നത്.
എന്നാൽ എൽ ഡി എഫിന്റെ ദയാ ദാക്ഷിണ്യം കൊണ്ടാണ് തലപ്പലം പഞ്ചായത്ത് യു ഡി എഫ് ഭരിക്കുന്നതെന്നുള്ളതാണ് വിചിത്രം .എൽ ഡി എഫ് പിന്തുണയ്ക്കായി ,വികസന ;ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റികളും എൽ ഡി എഫിന് നൽകിയിട്ടുണ്ട് .നിലവിലെ കക്ഷി നില അനുസരിച്ചു യു ഡി എഫിന് 6 സീറ്റാണ് ഉള്ളത്.അതിൽ നാലെണ്ണം കോൺഗ്രസിന്റേതും ബാക്കി രണ്ടെണ്ണം കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റേതുമാണ്.പിന്നെയുള്ള ഒരു സ്വതന്ത്രനും നിക്ഷ്പക്ഷ നിലപാടാണ് .എൽ ഡി എഫിന് മൂന്നംഗങ്ങൾ മാത്രമാണുള്ളത്.സിപിഎം 2 ;സിപിഐ ഒന്ന്.ബിജെപി ക്ക് ഇവിടെ മൂന്ന് അംഗങ്ങൾ ഉണ്ട്.
മികച്ച പ്രവർത്തനങ്ങൾ കൊണ്ട് ജില്ലയിലെ തന്നെ ഏറെ ശ്രദ്ധ നേടിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയ അനുപമ വിശ്വനാഥിനെ രാജി വെപ്പിച്ചു ;പകരം ഐ ഗ്രൂപ്പിലെ എൽസി ജോസഫിനെ പ്രസിഡന്റ് ആക്കുവാനുള്ളകോൺഗ്രസ് നീക്കം കനത്ത വിമർശനങ്ങൾക്കാണ് വഴി വച്ചിരിക്കുന്നത്.അനുപമയെ രാജി വെപ്പിച്ചു എൽസിയെ ഒരു വര്ഷം പ്രസിഡണ്ട് ആക്കുവാനും ;തുടർന്ന് ബാങ്ക് ജീവനക്കാരൻ കൂടിയായ ആനന്ദ് ജോസഫിനെ പ്രസിഡണ്ട് ആകുവാനുമാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം.
അതിനായി ഇന്ന് വൈകിട്ടുചേരുന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ അനുപമയ്ക്ക് മേൽ കടുത്ത സമ്മര്ദ്ദം ഉയർത്തുവാനും നീക്കമുണ്ട് .മാനസീകമായി തളർത്തി രാജിവെപ്പിക്കുക എന്നുള്ളതാണ് ഐ ഗ്രൂപ്പ് നീക്കം . 20 വർഷക്കാലങ്ങളായി കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച ഏറെ ജനകീയ മുഖമുള്ള കോൺഗ്രസ് നേതാവാണ് മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് കൂടിയായ അനുപമ വിശ്വനാഥ്.തലപ്പലം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ അവരെ മത്സരിപ്പിക്കാത്തതും അവരുടെ രാഷ്ട്രീയ ഭാവി തകർക്കുക എന്ന ഉദ്ദേശത്തിലാണെന്നു എ ഗ്രൂപ്പുകാർ സംശയിക്കുന്നു .എന്നാൽ ഇതിനെ കുറിച്ച് നാട്ടുകാർ ഏറെ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ശിഖരം വെട്ടി മരം ഉണക്കുക എന്ന തന്ത്രമാണ് തലപ്പലത്തെ തലതൊട്ടപ്പന്മാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
എന്നാൽ അനുപമയെ രാജിവപ്പിച്ചു കഴിഞ്ഞാൽ എൽ ഡി എഫിന്റെയും ;ജോസഫ് ഗ്രൂപ്പിന്റെയും നിലപാട് എന്തെന്നുള്ളതിനും വലിയ പ്രാധാന്യമാണുള്ളത്.പുതിയതായി ചുമതലയേറ്റ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണന്റെ നിലപാടുകളും നിർണായകമാകും..യു ഡി എഫ് പാലാ നേതൃത്വമോ ;കോട്ടയം ജില്ലാ നേതൃത്വമോ അറിയാതെയാണ് തലപ്പലത്തെ തലതൊട്ടപ്പന്മാരുടെ ഓരോ നീക്കവും എന്നുള്ളതാണ് കൗതുകം .അനുപമമായ വികസന നേട്ടങ്ങൾ നടപ്പിലാക്കിയ ഒരു മഹിളാ നേതാവിനെ പുകച്ചു പുറത്ത് ചാടിക്കുന്നതിനെതിരെ കോൺഗ്രസിൽ തന്നെ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്.
അതേസമയം തലപ്പലം പഞ്ചായത്തിലാകെ വ്യാപക സ്വാധീനമുള്ള ബിജെപി യും സാകൂതം ഈ രാഷ്ട്രീയ നീക്കങ്ങളെ ശ്രദ്ധിക്കുന്നുണ്ട് .കോൺഗ്രസിലെ ഐ ഗ്രൂപ്പും;എ ഗ്രൂപ്പും നടത്തുന്ന രഹസ്യ ഗ്രൂപ്പ് യോഗങ്ങൾ വരെ ബിജെപി നിരീക്ഷിക്കുകയാണ് .തക്ക സമയത്ത് യുക്തമായ തീരുമാനം കൈക്കൊള്ളുമെന്നാണ് എൽ ഡി എഫ് കേന്ദ്രങ്ങളും പറയുന്നത്.പന്ത് ഇപ്പോൾ തങ്ങളുടെ കോർട്ടിലാണെന്നും എൽ ഡി എഫ് കേന്ദ്രങ്ങൾ പറയുന്നു .ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്ത് വരുമ്പോൾ കോട്ടയം ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷിനും തലവേദന കൂടുകയാണ് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ
ചിത്രം :നിലവിലെ പ്രസിഡണ്ട് അനുപമ വിശ്വനാഥ്&എൽസി ജോസഫ്