സുല്‍ത്താൻ ബത്തേരി: പന്തല്ലൂരില്‍ ഭീതിപരത്തി വീണ്ടും പുലിയുടെ വിളയാട്ടം. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്ത്രീക്ക് മുന്‍പില്‍ പുലിയെത്തി. ചേരമ്പാടിയിലെ ടാന്‍ടി തേയിലത്തോട്ടത്തിലെ ജീവനക്കാരി ഭുവനേശ്വരി (42) ക്കാണ് പരിക്കേറ്റത്. പുലിയെ കണ്ട് പേടിച്ചോടുന്നതിനിടെയാണ് എസ്റ്റേറ്റ് ജീവനക്കാരിക്ക് വീണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം.
കഴിഞ്ഞ ദിവസം പന്തല്ലൂരില്‍ നടന്ന ഹര്‍ത്താല്‍ അടക്കമുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ആക്രമണകാരിയായ പുലിയെ പിടികൂടി മൃഗശാലയിലെത്തിച്ചെങ്കിലും പ്രദേശത്ത് പുലിഭീതി ഒഴിയുന്നില്ല. പന്തല്ലൂര്‍ എലിയാസ് കടക്ക് സമീപത്തെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഇവരുടെ മുന്നില്‍ റോഡിറങ്ങി വരികയായിരുന്ന പുള്ളിപ്പുലി പെടുകയായിരുന്നു. ഇതോടെ പേടിച്ചോടിയ ഭുവനേശ്വരി വഴിയില്‍ തടഞ്ഞുവീഴുകയായിരുന്നു. പരിക്കേറ്റ ഭുവനേശ്വരിയെ പന്തല്ലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം ഒന്നിലധികം പുലികള്‍ പ്രദേശത്ത് ഉണ്ടെന്നുള്ള കാര്യം തമിഴ്‌നാട് വനം വകുപ്പും നിഷേധിക്കുന്നില്ല. ജോലി കഴിഞ്ഞും മറ്റും മടങ്ങുന്നവര്‍ ജാഗ്രതയോടെ യാത്ര ചെയ്യണമെന്നാണ് വനംവകുപ്പും പോലീസും നല്‍കുന്ന മുന്നറിയിപ്പ്. തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെയുള്ള വഴികളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കഴിയാവുന്നതും ഇതുവഴി ഒറ്റക്കുള്ള യാത്രയും കുട്ടികളുമായുള്ള യാത്രയും ഒഴിവാക്കണം. ചെറിയ കുട്ടികളെ അംഗന്‍വാടികളിലേക്കും സ്‌കൂളിലേക്കും അയക്കുമ്പോള്‍ മുതിര്‍ന്നവര്‍ കൂടെ ചെല്ലണം.