തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടീസ്. ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി.
കുറ്റകൃത്യം സംഭവിച്ചത് തമിഴ്‌നാട്ടിലാണ്. അതിനാല്‍ വിചാരണ തമിഴ്‌നാട്ടിലാണ് നടത്തേണ്ടത്. നിലവിലെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നിയമപരമായ വിചാരണ ഉറപ്പാക്കുന്നില്ലെന്നുമാണ് ഗ്രീഷ്മയുടെ ഹര്‍ജിയിലെ ആവശ്യം. കേസിലെ മറ്റ് പ്രതികളായ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാരന്‍ നായര്‍ എന്നിവരാണ് മറ്റ് ഹര്‍ജിക്കാര്‍. 2022 ഓക്ടോബര്‍ 17ന് രാവിലെ കഷായം കഴിച്ച് ഗുരുതരാവസ്ഥയിലായ ഷാരോണ്‍ 25ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
തമിഴ്നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് ആണ്‍സുഹൃത്തായിരുന്ന ഷാരോണിന് പ്രതിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലക്കി നല്‍കുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം ജീവന് വേണ്ടി പൊരുതിയ ഷാരോണ്‍ ഒടുവില്‍ മരണത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.