കുറവിലങ്ങാട് : പള്ളിയില്‍ മോഷണ പദ്ധതി ആസൂത്രണം ചെയ്തു വരവേ പോക്കറ്റടി ,മോഷണം ഉൾപ്പെടെ വിവിധ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെട്ടത്തറ ചാന്നംകര ഭാഗത്ത് പുതുവൽ പുരയിടം നീരജ് വീട്ടിൽ നെൽസൺ എന്ന് വിളിക്കുന്ന അൻസൽ (58), കൊട്ടാരക്കര, പുത്തൂർ ഭാഗത്ത് അനന്തഭവനം വീട്ടിൽ സത്യശീലൻ പിള്ള (59) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി കുറവിലങ്ങാട് പോലീസ് പെട്രോളിങ് നടത്തുന്നതിനിടയിലാണ് വിവിധ മോഷണ കേസുകളിലെ പ്രതികളായ ഇവരെ സംശയാസ്പദമായി മർത്താ മറിയം ഫോറോനാ പള്ളിക്ക് സമീപത്തു നിന്നും പിടികൂടുന്നത്. ഇവർ സാധാരണയായി പള്ളികളിലും, അമ്പലങ്ങളിലും പെരുന്നാളിനും, ഉത്സവത്തോടനുബന്ധിച്ചും ഉണ്ടാവുന്ന തിക്കിലും,തിരക്കിലും മോഷണം നടത്തുന്നവരാണ്. ഇവരുടെ കൈയിൽ നിന്നും മൊബൈൽ ഫോണും, പണവും പോലീസ് കണ്ടെടുക്കുകയും ചെയ്തു.
ഇവരിൽ അൻസലിന് തൃശൂർ ഈസ്റ്റ്, ഷൊർണുർ, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിലും, സത്യശീലൻ പിള്ളയ്ക്ക് പാലാ, കുളത്തുപ്പുഴ, കോട്ടയം വെസ്റ്റ്, തിരുവല്ല എന്നീ സ്റ്റേഷനുകളിലെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്. ഓ ശ്രീജിത്ത് റ്റി , എസ്.ഐ വിദ്യാ.വി, സി.പി.ഓ റോയ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.