ന്യൂഡൽഹി: ശ്രീരാമനെ പൂജിച്ച മുസ്ലീം യുവതിക്ക് വധഭീഷണി. അലിഗഢ് സ്വദേശിനിയായ റൂബി ആസിഫ് ഖാന് നേരെയാണ് വധഭീഷണി. വീട്ടിൽ രാമക്ഷേത്രമാതൃക ഒരുക്കി പൂജ നടത്തിയ റൂബി നേരത്തേ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.72 മണിക്കൂറിനുള്ളിൽ കുടുംബത്തെ ഇല്ലാതാക്കുമെന്നാണാണ് യുവതിക്ക് ലഭിച്ച കത്തിലെ മുന്നറിയിപ്പ്.
അലിഗഡിലെ ഷാജമാലിലെ മബുദ് നഗറിലാണ് റൂബി ആസിഫ് ഖാൻ കുടുംബത്തോടൊപ്പം താമസിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കുടുംബത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കത്ത് ലഭിച്ചത് . ‘ റൂബി ആസിഫ് ഖാൻ, നീ വലിയ രാമഭക്തനാണ്, കുടുംബത്തോടൊപ്പം 72 മണിക്കൂറിനുള്ളിൽ നിന്നെ ഞങ്ങൾ കൊല്ലും‘ എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്. തുടർന്ന് റൂബി പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തീവ്ര ഇസ്ലാമിസ്റ്റായ ഒരു വ്യക്തിയാണ് കത്ത് വീട്ടിൽ എത്തിച്ചതെന്ന് വ്യക്തമായി. ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.
റൂബി ആസിഫ് ഖാൻ മുമ്പും ആക്രമിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ അതീവ ജാഗ്രതയിലാണ് പോലീസ്. മുമ്പും തന്റെ പൂജ തടസ്സപ്പെട്ടിട്ടുണ്ടെന്ന് റൂബി പറഞ്ഞു. പല തവണ ഇസ്ലാം പുരോഹിതരും തനിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ താൻ അതൊന്നും കണക്കിലെടുത്ത് പൂജകളിൽ നിന്ന് പിന്മാറില്ലെന്നും റൂബി പറഞ്ഞു.