Kerala

ഇടത് അനുകൂല ന്യൂനപക്ഷസംഘടനകളുടെ പുതിയ കൂട്ടായ്മക്ക് സിപിഎം നീക്കം

കോഴിക്കോട്:  ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഇടത് അനുകൂല ന്യൂനപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ പുതിയ കൂട്ടായ്മക്ക് കളമൊരുങ്ങുന്നു. മുസ്ലിം ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരിക്കേ നടപടി നേരിട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്തായ കെ.എസ്. ഹംസ, പി.ടി.എ റഹിം എം.എല്‍.എ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ നീക്കം. ഒരു സ്ഥിരം സമിതിയായി രൂപീകരിച്ചിട്ടില്ലെങ്കിലും ഇതിനായുള്ള നീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ ഭാഗമായി പത്തോളം പേര്‍ ഉള്‍പ്പെട്ട താല്‍ക്കാലിക സമിതിക്ക് കഴിഞ്ഞ ദിവസം രൂപം നല്‍കി.

പി.ടി.എ റഹീം എം.എല്‍.എ, കെ.എസ്. ഹംസ, ഐ.എന്‍.എല്‍ നേതാവ് പ്രൊഫ എ.പി. അബ്ദുല്‍ വഹാബ്, യൂസുഫ് എൻജിനീയര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് താല്‍ക്കാലിക സമിതി. സമിതിയുടെ ഔദ്യോഗിക പ്രഖ്യാപന സമ്മേളനം ഉടന്‍ ഉണ്ടാകും. അടുത്തകാലത്തായി മുസ്ലീം ലീഗും സമസ്ത നേതാക്കളും തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ മുതലെടുക്കാനും  ഇരുവിഭാഗങ്ങളിലെ അതൃപ്തിയുള്ളവരെയും സമീപിച്ച് പരമാവധി അനുകൂല സാഹചര്യം സൃഷ്ടിച്ചെടുക്കാനുള്ള ചര്‍ച്ചകള്‍ നേതാക്കളുടെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്.

കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സില്‍ മറ്റ് ഭിന്നതകള്‍ മാറ്റിവച്ച് ഭൂരിഭാഗം നേതാക്കളെയും എത്തിക്കാനായത് ഒരു നല്ല തുടക്കമാണെന്ന് പുതിയ നീക്കത്തിന് പിന്നിലുള്ളവര്‍ കരുതുന്നുണ്ട്. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനനും അന്ന് പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top