അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയ നടൻ വിജയ്ക്കെതിരെ ചെരുപ്പേറുണ്ടായത് വലിയ വാർത്തയായിരുന്നു. വിജയകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ ഡിഎംഡികെയുടെ ചെന്നൈയിലെ ആസ്ഥാനത്ത് എത്തി മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇപ്പോൾ ചെരിപ്പേറിൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് വിജയ് ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കം.
വിജയ് മക്കൾ ഇയക്കം സൗത്ത് ചെന്നൈ ഘടകം പ്രസിഡന്‍റാണ് കോയമ്പേട് പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആവശ്യപ്പെട്ടത്. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ വിജയ്‍യെയും ആരാധകരെയും ഒരേപോലെ വേദനിപ്പിച്ചു. പ്രതികളെ എത്രയും വേഗം കണ്ടെത്തി ഉചിതമായ ശിക്ഷ നൽകണമെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
ഡിസംബര്‍ 28 നാണ് സംഭവമുണ്ടായത്. വിജയകാന്തിന് അന്ത്യാജ്ഞലി അർപ്പിച്ച് മടങ്ങുന്നതിനിടെ ജനക്കൂട്ടത്തിൽ നിന്ന് ആരോ ചെരിപ്പ് എറിയുകയായിരുന്നു. താരത്തിന്റെ തലയുടെ പിന്നിലൂടെ ചെരിപ്പ് പോകുന്നതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു. വിഡിയോ വൈറലായതോടെ സിനിമയിൽ നിന്ന് ഉൾപ്പടെയുള്ളവർ സംഭവത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. മറ്റൊരു പ്രമുഖ നടന്‍റെ ആരാധക്കൂട്ടായ്മ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്ന ആരോപണവും ഉയര്‍ന്നു. ഇത് ആരാധകപ്പോരിന് വഴിതുറന്നു.