മലപ്പുറം: താമിർ ജിഫ്രി കസ്റ്റഡി കൊലപാതകത്തിൽ സിബിഐയുടെ അന്വേഷണം തുടരുന്നു. താമിർ ജിഫ്രി താമസിച്ചിരുന്ന ചേളാരി ആലുങ്ങലിലെ വാടകമുറിയിൽ എത്തി കേന്ദ്ര ഫോറൻസിക് ഉദ്യോഗസ്ഥർ ഇന്ന് പരിശോധന നടത്തും. കേസിലെ സാക്ഷികളായ ചേളാരി സ്വദേശി മൻസൂർ, തിരൂരങ്ങാടി സ്വദേശി കെ ടി മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലാകും പരിശോധന.
ഇന്ന് ഉച്ചയ്ക്കു ശേഷം താനൂർ ദേവധാർ പാലത്തിനു താഴെ എത്തിയും ഫോറൻസിക് സംഘം ശാസ്ത്രീയ വിവരശേഖരണം നടത്തും. കേന്ദ്ര ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ഹൈദരാബാദിൽ നിന്നുള്ള മൂന്നംഗ സംഘമാണ് പരിശോധന നടത്തുന്നത്.
താമിർ ജിഫ്രി അടങ്ങുന്ന യുവാക്കളെ ചേളാരിയിലെ വാടകമുറിയിൽ നിന്ന് ആണ് ഡാൻസാഫ് സംഘം കസ്റ്റഡിയിൽ എടുത്തതെന്ന വിവരം പുറത്ത് വിട്ടത് റിപ്പോർട്ടറായിരുന്നു. പൊലീസ് വാദം വ്യാജമാണെന്ന് തെളിയിക്കുന്നതായിരുന്നു റിപ്പോർട്ടറിന്റെ കണ്ടെത്തൽ. ക്രൈംബ്രാഞ്ച് അന്വേഷണസംഘവും ആലുങ്ങലിൽ എത്തി പരിശോധന നടത്തിയിരുന്നു.