തിരുവനന്തപുരം: യു.ജി.സി ശമ്പളക്കുടിശ്ശികയിൽ കേരളത്തിന് നൽകാനുള്ള 750 കോടിരൂപയും അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. കേരളം സമയത്ത് റിപ്പോർട്ട് നൽകിയില്ലെന്ന കാരണം പറഞ്ഞാണ് കോളജ് അധ്യാപകരുടെ ശമ്പള കുടിശികയും കേന്ദ്രം തടഞ്ഞത്. വായ്പയെടുക്കാനുള്ള അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് യു.ജി.സി ശമ്പളക്കുടിശ്ശികയും നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.
ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനു കത്തയച്ചു. ഇതോടെ, പുതുവർഷാരംഭത്തിൽ കടുത്ത സാമ്പത്തികപ്രതിസന്ധിയിലായിരിക്കുകയാണ് കേരളം. ഏഴാം ശമ്പളകമ്മിഷൻ പരിഷ്കാരം നടപ്പാക്കിയതിന്റെ ഭാഗമായി 2016 ജനുവരി ഒന്നുമുതൽ 2019 മാർച്ച് 31 വരെയുള്ള കാലയളവിൽ 1500 കോടിരൂപയാണ് കുടിശ്ശിക. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കിടേണ്ടതാണ് ഈ തുക. ഈയിനത്തിലുള്ള 750.9 കോടി രൂപയാണ് നൽകാനാവില്ലെന്ന് കേന്ദ്രം അറിയിച്ചത്.