ന്യൂ ഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനിക്ക് ആശ്വാസം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്വതന്ത്ര അന്വേഷണ ആവശ്യം സുപ്രീം കോടതി തള്ളി. സെബിയുടെ നിയന്ത്രണാധികാരങ്ങളില്‍ ഇടപെടാനാവില്ലെന്നും ഇതിനുള്ള കോടതി പരിശോധന പരിമിതമെന്നും സുപ്രീം കോടതി പറഞ്ഞു. അന്വേഷണം സെബിയില്‍ നിന്ന് മാറ്റേണ്ടതില്ലെന്നും രണ്ട് അന്വേഷണങ്ങള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ക്രമക്കേട് നടന്നുവെങ്കില് സെബിക്ക് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ആണ് വിധി പറഞ്ഞത്. വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് വിധി.
നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കണം. ഇതിനായി കേന്ദ്രവും സെബിയും നടപടി സ്വീകരിക്കണം. സെബി അന്വേഷണത്തെ സംശയിക്കാനാവില്ല. അന്വേഷണം കൈമാറേണ്ടത് അസാധാരണ സാഹര്യങ്ങളില്‍ മാത്രമാണെന്നും അന്വേഷണം കൈമാറേണ്ട അസാധാരണ സാഹചര്യം നിലവിൽ ഇല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സമ്പൂര്‍ണ്ണ തെളിവല്ലെന്നു പറഞ്ഞ കോടതി ഹര്‍ജിക്കാരെയും വിമർശിച്ചു. ഹര്‍ജി മതിയായ ഗവേഷണം നടത്താതെയാണെന്നും കാമ്പില്ലാത്ത റിപ്പോര്‍ട്ടിനെ ഹര്‍ജിക്കാര്‍ ആശ്രയിച്ചുവെന്നും കോടതി കുറ്റപ്പെടുത്തി. ആവശ്യമായ തെളിവ് നല്കാന് ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്നും മാധ്യമങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്നും പൊതുതാല്പര്യ ഹര്‍ജിപ്രകാരം അന്വേഷണം നടത്താനാവില്ലെന്നും കോടതി പറഞ്ഞു.