Kerala

നവകേരള സദസ്സ് ബഹിഷ്കരണത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: നവകേരള സദസ്സ് ബഹിഷ്കരണത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബഹിഷ്കരണത്തിന്റെ കാരണം പ്രതിപക്ഷം ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. ചില കോൺ​ഗ്രസ് നേതാക്കൾ സദസ്സിൽ പങ്കെടുത്തു. എന്നാല്‍ എന്തെല്ലാമോ വിളിച്ചുപറയുന്ന അവസ്ഥയിലേക്ക് പ്രതിപക്ഷ നേതാവ് തരംതാഴുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയെ വേദനിപ്പിക്കരുതെന്ന നിർബന്ധം കോൺഗ്രസിന് ഉണ്ടാകുന്നത് എന്തിനാണ്. ബിജെപിക്ക് പ്രയാസം ഉണ്ടാകുന്നത് സ്വാഭാവികം. അതൊരു കേരള വിരുദ്ധ വികാരമായി വളർന്നിട്ടുണ്ടാകാം. അതേ വികാരം കോൺഗ്രസിന് ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു. തൃപ്പൂണിത്തുറയിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേ​ഹം.

വലിയ ജനപിന്തുണയാണ് നവകേരള യാത്ര തുടങ്ങിയതു മുതൽ ലഭിക്കുന്നത്. സമാനതകൾ ഇല്ലാത്ത ജനങ്ങളുടെ ഒഴുക്കാണ് ഓരോ സ്ഥലത്തും അനുഭവപ്പെടുന്നത്. ഈ പരിപാടി ആർക്കും എതിരല്ല. ജനങ്ങൾക്ക് വേണ്ടിയുള്ള പരിപാടിയാണ്. എല്ലാവരും കൂടി കേരളത്തിന്റെ ആവശ്യം ഒരേ ശബ്ദത്തിൽ ഉയർത്തണം എന്നാണ് ആഗ്രഹിച്ചത്.

ആരും പ്രതീക്ഷിക്കാത്ത രീതിയിൽ പരിപാടിയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിന് വിയോജിപ്പുള്ള ഏത് ഭാഗമാണ് പരിപാടിയിലുള്ളത് എന്ന് വ്യക്തമാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ജീവിതത്തിന്റെ പല തുറകളിൽ ഉള്ളവരാണ് പ്രഭാത സദസ്സിൽ പങ്കെടുത്തയാളുകൾ. കോൺഗ്രസിലെ ചില പ്രധാനികളും പരിപാടിയിൽ പങ്കെടുത്തു. സംസ്ഥാനത്ത് തന്നെ അറിയപ്പെടുന്ന കോൺ​ഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ വി ഗോപിനാഥ് പാലക്കാട്‌ വെച്ച് പങ്കെടുത്തു. ബഹിഷ്കരണം എന്തിനാണെന്ന് മനസിലാവുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് ഒരു ഗോപിനാഥിന്റെ മാത്രം അഭിപ്രായമല്ല. നിരവധി പേർക്ക് ഇതേ അഭിപ്രായമാണുള്ളത്. ആരെങ്കിലും നിർബന്ധിച്ചല്ല ഈ ആളുകൾ എത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top