തിരുവനന്തപുരം: ജസ്ന തിരോധാനത്തില്‍ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. മാസങ്ങൾ നീണ്ട അന്വേഷണത്തിൽ ജസ്നയെ കണ്ടെത്താൻ സഹായകമായ തെളിവുകൾ സിബിഐക്ക് ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ജസ്നയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് സിബിഐ അറിയിച്ചു. ശാസ്ത്രീയ പരിശോധനകളിലും തുമ്പ് കണ്ടെത്താൻ കഴിഞ്ഞില്ല. നിർണായക വിവരങ്ങളൊന്നും ലഭിക്കാതെ അന്വേഷണം മുൻപോട്ട് കൊണ്ടു പോകാൻ കഴിയില്ലെന്നും എന്തെങ്കിലും വിവരം ലഭിച്ചാൽ അന്വേഷണം പുനരാരംഭിക്കുമെന്നും സിബിഐ കോടതിയെ അറിയിച്ചു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കോടതിയുടെ തീരുമാനം നിർണായകമാകും. കേസിൽ രണ്ട് പേരെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. നുണ പരിശോധനയിലൂടെ ഇരുവർക്കും കേസുമായി ബന്ധമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എല്ലാ സാധ്യതകളും പരിശോധിച്ചതായി സിബിഐ റിപ്പോർട്ടിൽ പറയുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഇൻസ്പക്ടർ നിപുൺ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.