കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ പപ്പാഞ്ഞി മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയടക്കം പത്തുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സുരക്ഷയില്ലാതെ പൊതുസ്ഥലത്ത് കോലം കത്തിച്ചു എന്ന കുറ്റമാണ് ചുമത്തിയത്.
ഇന്നലെ പുതുവര്‍ഷ ആഘോഷത്തിനിടെയാണ് 30 അടി ഉയരമുള്ള കോലം കത്തിച്ചത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഗവര്‍ണര്‍ക്കെതിരെയുളള സമരത്തിന്റെ തുടര്‍ച്ചയായാണ് കോലം കത്തിച്ചതെന്നാണ് എസ്എഫ്ഐ നേതൃത്വം നല്‍കുന്ന വിശദീകരണം.
പപ്പാഞ്ഞിയുടെ മാതൃകയില്‍ 30 അടി ഉയരത്തില്‍ വലിയ കോലമാണ് ബീച്ചില്‍ തയ്യാറാക്കിയത്. സര്‍വകലാശാലകളെ കാവിവത്ക്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് എസ് എസ് ഐ ഉയര്‍ത്തുന്നത്. ഗവര്‍ണര്‍ക്കെതിരെ കോളജുകളിലുടനീളം എസ്എഫ്‌ഐ ബാനറുകളുയര്‍ത്തിയിരുന്നു. ഗവര്‍ണര്‍ സഞ്ചരിക്കുന്ന വഴിയില്‍ ഉടനീളവും പ്രതിഷേധം ശക്തമാക്കുകയാണ് എസ്എഫ്ഐ.