കുമളി :അന്യ സംസ്ഥാന അയ്യപ്പ ഭക്തന്മാരെ ഊറ്റിപ്പിഴിഞ്ഞു മോട്ടോർ വാഹന വകുപ്പ് . അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നും കുമളി മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർ തല എണ്ണി പണപ്പിരിവ് നടത്തി.
വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നും വാങ്ങിയ 1000/ രൂപ കൂടാതെ ചെക്ക് പോസ്റ്റിലെ പഴയ പ്രിൻറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 8000/രൂപയും കണ്ടെത്തി. അതിർത്തി കടന്ന് എത്തുന്ന വാഹനങ്ങളുടെ പെർമിറ്റ് വെരിഫിക്കേഷന്റെ പേരിലാണ് അനധികൃത പണപ്പിരുവ് നടത്തി വരുന്നത്.ഇപ്രകാരം ചെക്ക് പോസ്റ്റിൽ ലഭിക്കുന്ന പണം കൃത്യമായ ഇടവേളകളിൽ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിക്കൊണ്ടിരിക്കുന്നതായാണ് വിവരം.
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചു അന്യ സംസ്ഥാനത്തു നിന്നും വരുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങളിൽ നിന്നും അനധികൃത പണപ്പിരുവ് നടത്തുന്നു എന്ന് വിജിലൻസ് എസ്. പി വി. ജി വിനോദ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി ഇടുക്കി വിജിലൻസ് യൂണിറ്റ് ഡി. വൈ. എസ്. പി. ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.