തൃശൂർ: കുന്നംകുളം നഗരത്തിലെ ഹോളി ആഘോഷത്തിനിടെ നടുപ്പന്തിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു.

വാടക ക്വാർട്ടേഴ്സില്‍ താമസിക്കുന്ന ചത്തീസ്ഗഢ് സ്വദേശി പ്രഹ്ലാദൻ എന്നയാള്‍ക്കാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ രണ്ടുപേരെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ നില അതീവ ഗുരുതരമാണ്.
ഇന്നലെ വൈകിട്ട് ആറിന് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ വാടക ക്വാട്ടേഴ്സില്‍ ഏറ്റുമുട്ടലുണ്ടായി. സംഘർഷത്തിനിടെ ബിയർ കുപ്പി കൊണ്ട് അടിയേറ്റാണ് പ്രഹ്ലാദന് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കുന്നംകുളം ആംബുലൻസ് പ്രവർത്തകർ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒപ്പം താമസിക്കുന്ന ഛത്തീസ്ഗഢ് സ്വദേശികളായ രാജു കർസാല്‍, രമണൻ എന്നിവരെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

