ആൺ സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പൊലീസിന്റെ കൃത്യമായ ഇടപെടൽ.

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിയായ 19കാരനെ കാണാനാണ് മഞ്ചേരി സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനി വീടുവിട്ടിറങ്ങിയത്. മഞ്ചേരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറുടെ അവസരോചിത ഇടപെടലിൽ കുട്ടിയെ മണിക്കൂറുകൾക്കകം കണ്ടെത്തി കുടുംബത്തെ ഏൽപിച്ചു.
വിദ്യാർഥിനിയുടെ കൈയിൽ സംശയാസ്പദമായ രീതിയിൽ കണ്ട മൊബൈൽ ഫോൺ സഹോദരൻ പിടിച്ചു വാങ്ങി വഴക്കു പറഞ്ഞിരുന്നു. ഇതോടെ താൻ പരാതി നൽകാൻ സ്റ്റേഷനിൽ പോവുകയാണെന്നറിയിച്ച് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങി. പിന്നാലെ വീട്ടുകാരും മഞ്ചേരി സ്റ്റേഷനിലെത്തി. വിദ്യാർഥിനി സ്റ്റേഷനിലെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് കാണാതായ വിവരമറിയുന്നത്.

