ദില്ലി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നിർമല രാമൻ അവതരിപ്പിക്കാനിരിക്കെ നികുതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളാണ് സാധാരണക്കാർ ഉറ്റുനോക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. വിലക്കയറ്റം പിടിച്ചു നിർത്താനുള്ള നടപടികളുണ്ടോകുമോ എന്നതും ആകാംക്ഷയാണ്. നിലവിലെ ആദായ നികുതിദായകരില്‍ 72 ശതമാനം പേരും പുതിയ നികുതി സമ്പ്രദായത്തിലേക്ക് മാറിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

പുതിയ ആദായനികുതി സ്കീം പ്രകാരം നിലവില്‍ 3 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല.

എന്നാല്‍ ഇത്തവണത്തെ ബജറ്റില്‍ അത് അഞ്ച് ലക്ഷമായി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. പഴയ നികുതി വ്യവസ്ഥയില്‍ 2.50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് നികുതി ബാധ്യത ഇല്ലാത്തവർ. അതും 5 ലക്ഷം രൂപയായി ഉയർത്തണമെന്ന ആവശ്യമുണ്ട്. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയില്‍ നിന്ന് 1.50 ലക്ഷം രൂപയായും, പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തണമെന്ന ആവശ്യവും സർക്കാരിന് മുന്നിലുണ്ട്. നികുതി നല്‍കേണ്ട വരുമാനം 7 ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയാക്കാൻ ധനമന്ത്രി നിർമ്മല സീതാരാമൻ തയ്യാറാകുമോ എന്നതും ഇന്ത്യൻ മധ്യവർഗം ഉറ്റുനോക്കുന്നു.

