മുംബൈയെ ഞെട്ടിച്ച് യുവതിയുടെയും മകന്റെയും കൊലപാതകം. സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. കാന്തിവാലി (ഈസ്റ്റ്) യിലാണ് മുംബൈയെ ഞെട്ടിച്ച കൊല നടന്നത്. 36 കാരിയായ പുഷ്പയും എട്ട് വയസുള്ള മകനുമാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ശിവശങ്കർ ദത്ത (40)യാണ് അറസ്റ്റിലായത്. അവിഹിതബന്ധം സംശയിച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷമാണ് മകനെ കൊലപ്പെടുത്തിയത്.

ഭാര്യ ഉറങ്ങുമ്പോഴാണ് കൊന്നത്. ബഹളത്തിനിടയില്‍ മകന് ഉണര്‍ന്നു. ആരോടെങ്കിലും പറയുമെന്ന് ഭയന്ന് അവനെയും കൊലപ്പെടുത്തി. ഇരുവരെയും കൊന്ന ശേഷം ദത്ത വീട്ടില്‍ നിന്നിറങ്ങി. ഉച്ചയോടെ തിരിച്ചെത്തി. അയൽക്കാരെ വിളിച്ച് ഭാര്യ വാതിൽ തുറക്കുന്നില്ലെന്ന് പറഞ്ഞു. പിന്നീട് ജനലിലൂടെ വീടിനുള്ളിലേക്ക് നോക്കാന്‍ അയല്‍ക്കാരോട് പറയുകയും ചെയ്തു.

മകനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ ആത്മഹത്യ ചെയ്തു എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ചോദ്യം ചെയ്യലിലാണ് കള്ളം പൊളിഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ടും കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടി. ഭർത്താവിന് മേൽ കൊലക്കുറ്റം ചുമത്തി. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സോൺ 12) സ്മിത പാട്ടീൽ പറഞ്ഞു.

